കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെ റേഡിയോളജി വിഭാഗം ജീവനക്കാരി സുധയുടെ മരണം നിപ ബാധ മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍. നിപ സംബന്ധമായി അന്താരാഷ്ട്ര ജേര്‍ണ്ണലില്‍ പ്രസിദ്ധീകരിച്ച കണക്കുകളെ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ആരോഗ്യമന്ത്രി തള്ളി. 

നിപയെ കുറിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അന്താരാഷ്ട്ര ജേര്‍ണ്ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്‍റെ നിലപാടിനെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. നിപ സംബന്ധമായ യഥാര്‍ത്ഥ ചിത്രം സര്‍ക്കാര്‍ മറച്ചു വച്ചുവെന്ന് പരോക്ഷമായി ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപ്ത്രിയിലെ റേഡിയോളജി വിഭാഗം ജീവനക്കാരി സുധയാണ് നിപ മൂലം മരിച്ച ആദ്യ ആരോഗ്യവകുപ്പ് ജീവനക്കാരിയെന്നായിരുന്നു വിദഗ്ധ സംഘത്തിന്‍റെ കണ്ടെത്തല്‍. 

Also Read: സുധയുടെ മരണം നിപ മൂലമാകാമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്

എന്നാല്‍, സുധയില്‍ നിപ ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് നിയമസഭയില്‍ ആരോഗ്യമന്ത്രി നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്. മസ്തിഷ്ക്കജ്വരത്തിന്‍റെ ലക്ഷണങ്ങളോടെയാണ് സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മതിയായ ചികിത്സ നല്‍കിയിരുന്നെന്നും മന്ത്രി വിശദീകരിക്കുന്നു. നിപ മരണം, രോഗബാധിതരുടെ എണ്ണം എന്നിവ സംബന്ധിച്ച വിദഗ്ധ സംഘത്തിന്‍റെ കണക്കും ശരിയല്ലെന്നാണ് മന്ത്രിയുടെ മറുപടി. 

രോഗം സ്ഥിരീകരിച്ച 18 പേരില്‍ 16 പേര്‍ മരിച്ചെന്നും, 2 പേര്‍ രക്ഷപ്പെട്ടെന്നും നിയമസഭയില്‍ സമര്‍പ്പിച്ച രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ 23 പേരില്‍ രോഗം സ്ഥിരീകരിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ് അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത്. അന്താരാഷ്ട്ര ജേര്‍ണലിലെ കണക്കുകള്‍ പുറത്ത് വന്ന ശേഷം നിപ സംബന്ധമായ വിവരങ്ങള്‍ ഒരിക്കല്‍ കൂടി ശേഖരിക്കാന്‍, ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. 

സുധയുടെ മരണം നിപ ബാധമമൂലമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്ന് നല്‍കിയത്. സംശയകരമായ വിവരങ്ങള്‍ കൂടി ഔദ്യോഗിക കണക്കുമായി കൂട്ടി ചേര്‍ത്താണ് അന്താരാഷ്ട്ര ജേര്‍ണലില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും ഇതാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്നുമാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതികരണം.