കല്‍പറ്റ: വയനാട്ടിലെ ആരോഗ്യമേഖല നേരിടുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന ഉറപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സന്ദര്‍ശനം. അരിവാള്‍രോഗികളുടെ പെന്‍ഷനും മാനസികരോഗികളുടെ മരുന്നും ഉടൻ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് വയനാട്ടിലെത്തിയ മന്ത്രി പറഞ്ഞു. ജില്ലയിലെ ആരോഗ്യമേഖലയില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയാണ് മന്ത്രി മടങ്ങിയത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസമായി. ജില്ലാ ആശുപത്രിയിലെ അരിവാള്‍ രോഗികള്‍ക്കുള്ള വാര്‍ഡ് ഉപോയഗപ്രദമല്ല. ആരോഗ്യസംവിധാനങ്ങള്‍ രോഗികള്‍ക്ക് കുറച്ചുകൂടി സഹായകരമാക്കണം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് അരിവാള്‍ രോഗികള്‍ അനുഭവിക്കുന്നത്. മാസങ്ങളായി മരുന്നു മുടങ്ങുന്നതാണ് മാനസികരോഗികള്‍ നേരിടുന്ന പ്രതിസന്ധി. സ്പെഷ്യാലിറ്റി കേഡറിലെ ഡോക്ടര്‍മാരുടെ കുറവടക്കം വയനാട്ടിലെ ആര്യോഗ്യ മേഖലയിലെ എല്ലാ പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്.