പേര് ചീത്തയാക്കരുത്; ജീവനക്കാര്‍ക്ക് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: രോഗികളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർക്ക് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. രോഗിയുടെ കൈവിരലുകൾ നഴ്സിങ് അസിസ്റ്റന്റ് ഞെരിച്ചൊടിച്ച പശ്ചാത്തലത്തിൽ മന്ത്രി ജീവനക്കാരുടെ യോഗം വിളിച്ചു. പരിക്കേറ്റ രോഗിയുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും.
പരിക്കേറ്റ കൊല്ലം സ്വദേശി വാസുവിനെ രാവിലെ വീട്ടിലെത്തി ആരോഗ്യമന്ത്രി കണ്ടു. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചും, രോഗ വിവരങ്ങളും എല്ലാം മന്ത്രി ചോദിച്ചറിഞ്ഞു. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് അര്ഹമായ നഷ്ടപരിഹാരം സര്ക്കാര് നല്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
തലസ്ഥാനത്ത് എത്തിയ മന്ത്രി നേരെ മെഡിക്കല് കോളജ് ജീവനക്കാരുടെ അടിയന്തര യോഗം വിളിച്ചു. സർക്കാർ ആശുപത്രികളുടെ പേര് ചീത്തയാക്കരുത് രോഗികളോട് നന്നായി പെരുമാറണം, ഇനിയിങ്ങിനെ യോഗം വിളിക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും യോഗത്തില് ആരോഗ്യമന്ത്രി ജീവനക്കാരോട് പറഞ്ഞു. നേരത്തെ വാസുവിൻറെ കൈവിരലൊടിച്ച നഴ്സിംഗ് അസിസ്റ്റന്റ് സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു
