എറണാകുളം: ലക്കിടി കോളജില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസിന് ആദ്യ ഘട്ടത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു‍. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയുടെ പരാതി പൂര്‍ണമായും കേസില്‍ ഉള്‍പ്പെടുത്തിയോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചപ്പോഴായിരുന്നു സ്‌റ്റേറ്റ് അറ്റോര്‍ണിയുടെ മറുപടി. ഇക്കാര്യം പിന്നീട് ബോധ്യപ്പെട്ടതുകൊണ്ടാണ് വിശദമായ മൊഴിയെടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തതെന്നും സര്‍ക്കാര്‍ അറിയിച്ചു. നെഹ്റു കോളജ് പി.ആര്‍.ഒ സംജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. 

എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളേ പരാതിയില്‍ ഉള്ളൂവെന്ന് പ്രതിഭാഗം വാദിച്ചു. ഹര്‍ജിയില്‍ ഉച്ചക്കു ശേഷവും വാദം തുടരും. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് രാവിലെ കീഴ്ക്കോടതി തള്ളിയിരുന്നു.