ഭീകരവിരുദ്ധ  പ്രമേയം പാസ്സാക്കി ആറാമത് ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനം. പ്രമേയത്തിൽ പാക് ഭീകരസംഘടനകളുടെ പേരും. ഭീകരവാദികൾക്കെതിരെ നിശബ്‍ദത പുലർത്തുന്നത് ഭീകരവാദത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരർക്ക്  സഹായം നൽകുന്നതിന് പാക്കിസ്ഥാനെ അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗാനി  പേരെടുത്ത് വിമർശിച്ചു.

ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിൽ  ഭീകരത മുഖ്യ അജണ്ട ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗാനിയും  ഉദ്ഘാടന പ്രസംഗത്തിൽ ഭീകരതെക്കിതിരെ ഒന്നിച്ചു പ്രവർത്തിക്കാൻ അഹ്വാനം നൽകിയത് ചർച്ചയിലും പ്രതിഫലിച്ചു. ഭീകരവിരുദ്ധ പ്രമേയമം ഇരു രാജ്യങ്ങളുടെയും നയതന്ത്ര നേട്ടമായി. അഫ്ഗാനിസ്ഥാന്റെ വികസനത്തിന് എല്ലാവിധ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തു. ഭീകരവാദത്തിനെതിരായ മൗനം ഭീകരതയെ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു.


പാക്കിസ്ഥാനെ പേരെടുത്ത് വിമർശിച്ചാണ് അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗാനി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി  പാക്കിസ്ഥാൻ വാഗ്ദാനം ചെയ്ത 50കോടി  യുഎസ് ഡോളർ സ്വന്തം രാജ്യത്തെ ഭീകരപ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ ചെലവഴിക്കാനും അഷറഫ് ഗാനി പറഞ്ഞു.
 

വിമർശനങ്ങൾ ഒഴിവാക്കാൻ പാക് വിദേശകാര്യ ഉപദേഷ്‍ടാവ് സർതാജ് അസിസ് നടത്തിയ ശ്രമങ്ങൾ പാഴായി. പാക്കിസ്ഥാന് ചർച്ചയിൽ കാര്യമായ പിന്തുണ ലഭിച്ചില്ല. ഭീകരപ്രവർത്തനത്തെക്കുറിച്ചുള്ള  അയൽ രാജ്യങ്ങളുടെ അരോപണങ്ങൾ അന്താരാഷ്‍ട്ര തലത്തിൽ പാക്കിസ്ഥാന് തിരിച്ചടിയാണ്. പാക്കിസ്ഥാന്റെ എതിർപ്പുകൾക്കിടെ ഇന്ത്യ അഫ്ഗാൻ കാർഗോ കരാർ ഒപ്പു വച്ചു. ഇറാനിലെ ഛബ്ബാർ തുറമുഖമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇറാൻ അഫ്ഗാൻ ത്രികക്ഷി വ്യാപാരകരാറും ഒപ്പുവച്ചു.