ഹൃദയ ശസ്ത്രക്രിയ നിരക്ക് വീണ്ടും കുറയും. ഹൃദ്രോഗ ചികിത്സക്കുപയോഗിക്കുന്ന ഡ്രഗ് അല്യൂട്ടിങ് സ്ന്‍റെന്‍റുകളുടെ വില വീണ്ടും കുറച്ചു. ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടേതാണ് നടപടി.
മരുന്ന് നിറച്ച ഡ്രഗ് അല്യൂട്ടിങ് സ്ന്‍റെന്‍റുകളുടെ വില 30180 രൂപയില്‍ നിന്ന് 27890 രൂപയായി കുറച്ചു. 2290 രൂപയുടെ കുറവ്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഈ സ്റ്റെന്‍റിന് വില കുറഞ്ഞതോടെ അത് രോഗികള്‍ക്ക് ആശ്വാസമായി. ബെയര്‍ മെറ്റൽ സ്റ്റെന്‍റുകളുടെ വില 7400 ല്‍ നിന്ന് 7600 രൂപയായി പരിഷ്കരിച്ചു. ജി എസ് ടി ഉള്‍പ്പെടെയാണ് ഈ വില . വിതരണക്കാരുടെ ലാഭവിഹിതം 8 ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട് .
നിശ്ചിത വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ നിയമ നടപടി നേരിടേണ്ടി വരും . സ്റ്റെന്‍റ് വിലക്കുറവ് മറികടക്കാൻ അനുബന്ധ ഉപകരണങ്ങളുടേയും മറ്റും വില കൂട്ടി ബില്‍ നല്‍കുന്ന സാഹചര്യം നിലവിലുണ്ട് . ഇതൊഴിവാക്കാൻ കാര്‍ഡിയാക് കത്തീറ്റര്‍ , ബലൂണ്‍ എന്നിവയുടെ വില പ്രത്യേകം രേഖപ്പെടുത്തണമെന്ന നിർദേശവും നല്‍കിയിട്ടുണ്ട്. ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ ഇന്നലത്തെ യോഗത്തിലെടുത്ത വില നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
