ചൊവ്വാഴ്ച വൈകിട്ടാണ് തലൂക്കിന്റെ മധ്യമേഖലയില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടായത്.

ആലപ്പുഴ: ആഞ്ഞടിച്ച കാറ്റും ശക്തിയോടെ പെയ്ത മഴയും അകമ്പടിയായ ഇടിമിന്നലും രണ്ടാംദിവസവും ചേര്‍ത്തലയില്‍ നാശംവിതച്ചു. മരംവീണും കാറ്റേറ്റും താലൂക്കില്‍ 33 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ട്രാന്‍സ്‌ഫോര്‍മര്‍ കാറ്റില്‍ റോഡിലേക്ക് മറിഞ്ഞ് വൈദ്യുതി വിതരണവും ഗതാഗതവും സ്തംഭിച്ചു. ആളപായം ഇല്ലെങ്കിലും 11 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റവന്യൂ വകുപ്പ് പ്രാഥമികമായി കണക്കാക്കുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് തലൂക്കിന്റെ മധ്യമേഖലയില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടായത്. തുടര്‍ച്ചയായ ഇടിമിന്നലും ഉണ്ടായി. ഇതോടെ നാടാകെ ഭീതിപരന്നു. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും വീടുകള്‍ക്കും ഇതര കെട്ടിടങ്ങള്‍ക്കും നാശം നേരിട്ടു. ചിലയിടങ്ങളില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര കാറ്റില്‍ പറന്ന് നിലംപൊത്തി. വ്യാപകമായി കൃഷിനാശവും നേരിട്ടു. ചേര്‍ത്തല നഗരത്തില്‍ ഉള്‍പ്പെടെ മിക്കയിടങ്ങളിലും വൈ്യുതി മുടങ്ങി. മിന്നലില്‍ ദൈ്യുതോപകരണങ്ങള്‍ക്ക് നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ അരീപ്പറമ്പില്‍ ഗാന്ധിജി ജംഗ്ഷന് സമീപം ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് മറിഞ്ഞു. കാറ്റില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ഒടിഞ്ഞാണ് 11 കെ വി ലൈനുള്‍പ്പെടെ കടന്നുപോകുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മറിഞ്ഞത്. തീപ്പൊരിയോടെയും വലിയ ശബ്ദത്തോടെയും ട്രാന്‍സ്‌ഫോര്‍മര്‍ മറിഞ്ഞതോടെ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. അതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി. നൂറുകണക്കിന് നാട്ടുകാര്‍ ഇവിടെ തടിച്ചുകൂടിയാണ് വാഹനങ്ങള്‍ തടഞ്ഞ് അപകടം ഒഴിവാക്കിയത്. ചേര്‍ത്തലനിന്ന് അര്‍ത്തുങ്കലിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് അരീപ്പറമ്പില്‍ സര്‍വീസ് അവസാനിപ്പിച്ചു. 

ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം മഴിയില്‍ വെള്ളത്തില്‍ മുങ്ങി. ചേര്‍ത്തലതണ്ണീര്‍മുക്കം റോഡില്‍ സ്റ്റാന്‍ഡ് പരിസരത്തെ കലുങ്ക് പുനര്‍നിര്‍മാണത്തിന് പൊളിച്ചിട്ടതിനാല്‍ മഴവെള്ളം പൂര്‍ണമായി റോഡില്‍ കെട്ടിനിന്നതാണ് പ്രശ്‌നമായത്. ചേര്‍ത്തല തെക്ക്, അര്‍ത്തുങ്കല്‍ വില്ലേജുകളിലാണ് കാറ്റിന്റെ കെടുതി ഏറ്റവുമധികം ഉണ്ടായത്. ഇവിടെ മാത്രമായി 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാരാരിക്കുളം വടക്ക്, കടക്കരപ്പള്ളി, തുറവൂര്‍, തൈക്കാട്ടുശേരി വില്ലേജുകളിലും വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടു. പലയിടങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല. അരീപ്പറമ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ ശരിയാക്കുന്ന ജോലി രാവിലെ മുതൽക്കേ ആരംഭിച്ചു. വ്യാഴാഴ്ച മാത്രമേ ജോലി പൂര്‍ത്തിയാകൂ. അതേവരെ മേഖലയില്‍ വൈദ്യുതി വിതരണം ഉണ്ടാകില്ല.