സൗദിയിൽ വിസ വിൽക്കുന്നവർക്കു 50,000 റിയാൽ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആശ്രിത വിസയിലുള്ളവരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനത്തിന് 25,000 റിയാൽ പിഴ ഈടാക്കാനും തീരുമാനമായി

വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തൊഴിൽ മന്ത്രാലയം നൽകുന്ന വിസകൾ അനധികൃതമായി വില്പ്പന നടത്തുന്നവർക്ക് വിസ ഒന്നിന് 50,000 റിയാൽ വീതം പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. വിസ കച്ചവടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ, ആശ്രിത വിസയിലുള്ളവരെ ജോലിക്കു വെയ്ക്കൽ, വ്യാജ വിവരങ്ങൾ നൽകി തൊഴിൽ മന്ത്രാലയ സേവനങ്ങൾ പ്രയോജനപ്പെടുത്തൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കു 25, 000 റിയാൽ പിഴ ചുമത്തും. സ്വദേശി വനിതകൾക്കായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ പുരുഷന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് പിഴ. വിദേശ തൊഴിലാളികളുടെ പാസ്‌പോർട്ടോ ഇഖാമയോ മെഡിക്കൽ ഇൻഷുറൻസ് കാർഡോ തൊഴിലാളിയുടെ അനുമതിയില്ലാതെ സൂക്ഷിക്കുന്ന തൊഴിലുടമയില്‍ നിന്ന് ഓരോ തൊഴിലാളിക്കും 2000 റിയാൽ വീതവും പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.