വിരമിക്കുന്ന ചീഫ് സെക്രട്ടറിമാർക്ക് പുനർനിയമനം നൽകുന്നതിലൂടെ ഖജനാവിന് നഷ്ടം ലക്ഷങ്ങൾ കെ.എം.എബ്രഹാമിന് ശമ്പളം രണ്ടേ മുക്കാൽ ലക്ഷം നളിനി നെറ്റോയ്ക്ക് ഒന്നര ലക്ഷം
തിരുവനന്തപുരം: സർക്കാറിന് ഇഷ്ടമുള്ള ചീഫ് സെക്രട്ടറിമാർ വിരമിച്ചാലും വൻതുക ശമ്പളത്തിൽ വീണ്ടും കിട്ടും നിയമനം. കിഫ്ബി സി.ഇ.ഒ. കെഎം എബ്രഹാമിന്റെ ശമ്പളം രണ്ടേ മുക്കാൽ ലക്ഷം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോക്ക് കിടുന്നത് ഒന്നരലക്ഷം. പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ വീണ്ടും കുടിയിരുത്താൻ പൊടിക്കുന്നത് വൻതുകയാണ്.
പോൾ ആന്റണിക്ക് സ്വീകരണം നല്‍കി സ്ഥാനമൊഴിഞ്ഞ കെഎം എബ്രഹാമിന് തത്സമയം സെക്രട്ടറിയേറ്റിൽ സുപ്രധാന കസേര തയ്യാറായിരുന്നു. ചീഫ് സെക്രട്ടറിയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കിഫ് ബി സി.ഇ.ഒയുടെ സീറ്റ് അതും രണ്ടേ മുക്കാൽ ലക്ഷം ശമ്പളത്തിൽ മൂന്ന് വർഷത്തേക്ക് നിയമനം. പ്രതിവർഷം പത്ത് ശതമാനം ശമ്പളവർദ്ധനയോടെയാണ് ഇത്. മൊബൈൽ ബില്ലും വീട്ടിലെ ലാൻഡ് ഫോൺ ബില്ലും ഖജനാവിൽ നിന്നടക്കും. പരിധിയില്ലാതെ ഇന്റർനെറ്റ് കണക്ഷൻ വേറെയും.
ചെയർമാൻറെ ശമ്പളം തീരുമാനിക്കും മുമ്പ് മറ്റൊരു ഉദ്യോഗസ്ഥനെ എബ്രഹാമിന്റെ നിർദ്ദേശപ്രകാരം കിഎഫ്ബി പ്രോജക്ട് എക്സാമിനറായി നിയമിച്ചു. ശമ്പളം 2.3 ലക്ഷം. എബ്രഹാം തന്നെ ശമ്പള സ്കെയിൽ തീരുമാനിച്ചെന്നാണ് വിവരം.എബ്രഹാം ചീഫ് സെക്രട്ടറിയുടെ ചുമതല ഏറ്റുവാങ്ങിയ നളിനിനെറ്റോയും ഉന്നത പദവിയിൽ തുടരുകയാണ്. അടിസ്ഥാന ശമ്പളം 1.54,125.രൂപയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി. ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നതിനെ ചൊല്ലി വിവാദം അവസാനിക്കുന്നില്ല. പക്ഷെ സർക്കാറിന് പ്രിയപ്പെട്ട ഉന്ന ഉദ്യോഗസ്ഥരെങ്കിൽ വിരമിച്ചാലും വൻതുക വാങ്ങി ഉന്നത തസ്തികകളിൽ തുടരാം. ചോദിക്കാൻ ആരുമില്ല . ചോരുന്നത് ഖജനാവിലെ പണം മാത്രം.
