കനത്ത മഴയ്ക്കിടെ അപ്രതീക്ഷിതമായാണ് ചുഴലിക്കാറ്റെത്തിയത്.

കാസർ​ഗോഡ്: കനത്തമഴയിലും ചുഴലിക്കാറ്റിലുമായി കാസർഗോഡ് അഡൂരിൽ 15 വീടുകൾ തകർന്നു. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് തീരദേശ മേഖലയും ദുരിതത്തിലാണ്. 60 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

കനത്ത മഴയ്ക്കിടെ അപ്രതീക്ഷിതമായാണ് ചുഴലിക്കാറ്റെത്തിയത്. അഡൂർ പാണ്ടി ഗ്രാമത്തിലെ അരകിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. 15 വീടുകളും നിരവധി കെട്ടിടങ്ങളും കാറ്റിൽ പൂർണമായും തകർന്നു. 

നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. 60 പേരാണ് പാണ്ടി ഗവൺമന്റ് ഹയർസെക്കന്ററി സകൂളിൽ ഒരുക്കിയ താത്കാലിക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. പലരും ബന്ധുവീടുകളിൽ അഭയം തേടി.

നിരവധി തെങ്ങുകളും കവുങ്ങുകളുമടക്കം കാർഷികവിളകളും നശിച്ചിട്ടുണ്ട്. അരക്കോടി രൂപയുടെ നാശനഷ്ടങ്ങളാണ് പ്രഥമികമായി കണക്കാക്കുന്നത്. കടൽക്ഷോഭമാണ് തീരദേശമേഖലയെ വലച്ചത്. ഉപ്പള മേഖലയിൽ കടൽ ഭിത്തി തകർന്നു. വീടുകൾ ഏതുസമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.