മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും മഴ കനത്തതോടെ മുംബൈയില്‍ ജന ജീവിതം സ്തംഭിച്ചു. വീടുകളും ആശുപത്രികളുമടക്കം വെള്ളത്തില്‍ മുങ്ങി. അതേസമയം നഗരമേഖലകളില്‍ പോലും വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 2005 ലേതിനു സമാനമായ വെള്ളപ്പൊക്കത്തെയാണ് മുംബൈ നേരിടുന്നത്. പേമാരിയില്‍ ട്രാക്കുകള്‍ ഒഴുകിപ്പോയതിനെത്തുടര്‍ന്ന് നാഗ്പൂര്‍- മുംബൈ ദുരന്തോ എക്‌സപ്രസ് പാളം തെറ്റി. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.

പ്രാദേശിക ട്രെയിനുകള്‍ റദ്ദാക്കി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് സ്ഥിതിഗതി വിലയിരുത്തി. അതേസമയം ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കത്തിന് ശമനമായി. ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍, ഉത്തര പ്രദേശ് സംസ്ഥാനങ്ങളിലായി 740 പേര്‍ ഇതുവരെ മരിച്ചു. ബിഹാറില്‍ മാത്രം മരിച്ചത് 514 പേരാണ്.

നദികളില്‍ ജലനിരപ്പ് താഴ്ന്നതോടെ മാറ്റിപ്പാര്‍പ്പിച്ചിരുന്ന എട്ടര ലക്ഷം ആളുകളില്‍ ഒരു ലക്ഷത്തിലധികം പേര്‍ വീടുകളിലേക്ക് മുടങ്ങി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും സൈന്യത്തിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ കുറഞ്ഞതിനാല്‍ അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.