മുംബൈ, അഹമ്മദാബാദ് എക്സ്പ്രസ് വേ വെള്ളത്തിനടിയിലായതോടെ ഗതാഗതക്കുരുക്ക് രൂക്ഷം വെള്ളക്കെട്ട് രൂക്ഷമായതോടെ, മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്നുപേർ മരിച്ചു. മുംബൈ നഗരത്തിൽ റോഡ്, ട്രെയിൻ ഗതാഗതം താറുമാറായി. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ, ശക്തമായി തുടരുകയാണ്. ദക്ഷിണ മുംബൈയിൽ മരം വീണ് രണ്ടുപേരും ഉല്ലാസ് നഗറിൽ മതിലിടിഞ്ഞ് ഒരാളുമാണ് മരിച്ചത്.

മാഹിം, സയൺ, ചെന്പൂർ, ബാന്ദ്ര തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. മുംബൈ, അഹമ്മദാബാദ് എക്സ്പ്രസ് വേ വെള്ളത്തിനടിയിലായതോടെ, ഗതാഗതക്കുരുക്കും രൂക്ഷമായി. വടാലയിൽ നിർത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്ക് മതിലിടിഞ്ഞു വീണു. 

വെള്ളക്കെട്ട് രൂക്ഷമായതോടെ, മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ന് കനത്ത മഴ ലഭിച്ചു. അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ്കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.