സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് നാളെ കനത്ത മഴ പെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് നാളെ കനത്ത മഴ പെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പെരിയാര്‍ കരകവിഞ്ഞതോടെ എറണാകുളം ജില്ലയുടെ പലഭാഗങ്ങളുംവെള്ളത്തിനടിയിലായിരിക്കുകയാണ്. ഇടുക്കിയിലെ പല ഗ്രാമ പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയില്‍ തുടരുകയാണ്. പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവിടെ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

പത്തനംതിട്ടയും ആലുവയും ചാലക്കുടിയും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി പെരിയാർ ചാലക്കുടി പുഴകളിൽ ജലനിരപ്പ് ഇനിയും ഉയരും. നിലവിൽ പെരിയാറിന്‍റെ ഇരുതീരത്ത് നിന്നും ഏഴ് കിലോമീറ്റർ വരെ ദൂരത്തിൽ വെള്ളം കയറിയിട്ടുണ്ട്. 75,000 ത്തോളം വീടുകൾ വെള്ളത്തിനടിയിലായെന്നാണ് പ്രാഥമിക നിഗമനം. 

കൊച്ചി കായലിലും ജലനിരപ്പ് ഉയരുകയാണ്. പെരിയാർ തീരത്ത് കൂടുതൽ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ചാലക്കുടി പുഴയുടെ ഇരു തീരങ്ങളിലും രണ്ട് കിലോമീറ്റർ വരെ വെള്ളം കയറുമെന്നാണ് മുന്നറിയിപ്പ്. ചാലക്കുടി ടൗണിലടക്കം വെള്ളം കയറി. പത്തനംതിട്ടയിൽ വെള്ളത്തിനടിയിലായി പലയിടത്തും രണ്ട് ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലുമായില്ല. 

വീടുകളിൽ ഒറ്റപ്പെട്ടവർ ഇപ്പോഴും കുടുങ്ങിയ നിലയിലാണ്. ആറന്മുള ആറാട്ടുപുഴയിൽ വൃദ്ധ വീട്ടിനുള്ളിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. രക്ഷപ്പെടാനായി രണ്ടാം നിലയിലേക്ക് കയറുന്പോൾ കൽ വഴുതി വീണായിരുന്നു അപകടം. മൂന്നാർ മൂന്നാം ദിവസവും വെള്ളത്തിനടിയിൽ തന്നെയാണ്. വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചതിനാൽ മൂന്നാറുമായുള്ള എല്ലാ ബന്ധവും ഇല്ലാതായി. 

ഇടുക്കിയിലെ പ്രധാനറോഡുകളെല്ലാം മണ്ണിടിഞ്ഞ് വീണ് തടസ്സപ്പെട്ടു. വെള്ളം പൊങ്ങിയതോടെ റോഡ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലുവ ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. പാലക്കാട് തൃശൂർ ദേശീയപാതയിൽ കുതിരാനിലടക്കം പലയിടത്തും മണ്ണിടിഞ്ഞു. ആലുവ കന്പിനിപ്പടിയിലും ദേശീയപാതയിലേക്ക് വെള്ളം കയറി.