മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. ജൂലൈ ഒൻപതിനകം ഇത്രയും വെള്ളം അണക്കെട്ടിൽ എത്തുന്നത് 1990ന് ശേഷം ഇതാദ്യം.
തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ തുടരുന്നു. അടിമാലിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പടിയിൽ മണ്ണിനടിയിൽ കുടുങ്ങിയെ സ്ത്രീയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി.
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും കനത്തതാണ് ഇടുക്കിയിൽ മണ്ണിടിച്ചിൽ രൂക്ഷമാക്കുന്നത്. അമ്പലപ്പടിയിൽ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അടിമാലി സ്വദേശി പ്രമീള അപകടത്തിൽപ്പെട്ടത്. ഹോട്ടലിലെ ശുചിമുറിയിൽ കുടുങ്ങിയ പ്രമീളയെ ഫയർഫോഴ്സും നാട്ടുകാരും ഏറെനേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്.
മണ്ണിടിഞ്ഞ് വീഴുന്ന സമയത്ത് ഹോട്ടലിൽ ആളുകൾ കുറവായതിനാൽ ദുരന്തം ഒഴിവായി. അടിമാലിയിലും തൊടുപുഴ ചീനിക്കുഴിയിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സെത്തി മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. മഴ തുടർന്നാൽ വ്യാപകമായ മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാൽ അധികൃതർ സുരക്ഷ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. 2354.42 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. സംഭരണ ശേഷിയുടെ 49.5 ശതമാനം വരുമിത്. ഇതിൽ നിന്ന് 1064 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. 1990ന് ശേഷം ആദ്യമായാണ് ജൂലൈ ഒൻപതിനകം ഇത്രയും വെള്ളം അണക്കെട്ടിൽ എത്തുന്നത്.
