കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മഴക്കെടുതികളിൽ ഇന്ന് രണ്ട് പേർക്കാണ് ജിവൻ നഷ്ടമായത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് സമീപം ചിറയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മരിച്ചു. ന്യൂ മാഹി എംഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി റിഥ്വിക് രാജ് മരിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മഴക്കെടുതികളിൽ ഇന്ന് രണ്ട് പേർക്കാണ് ജിവൻ നഷ്ടമായത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് സമീപം ചിറയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മരിച്ചു. ന്യൂ മാഹി എംഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി റിഥ്വിക് രാജ് മരിച്ചത്. മണ്ണുത്തി വെറ്റിനറി കോളേജിൽ മരം വീണ് നിർമ്മാണത്തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു. ചെമ്പുത്തറ സ്വദേശി ഷാജിയാണ് മരിച്ചത്.
ഇടുക്കി
ഇടുക്കി അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നതിടെ തുടർന്ന് എല്ലാ ഷട്ടറുകളും തുറന്നു. ഇന്നലെ അടച്ച ഒന്ന് അഞ്ച് ഷട്ടറുകളാണ് വീണ്ടും തുറന്നത്. ഇതോടെ ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂടി. പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്ന് രാവിലെ 11 മണിക്ക് സെക്കന്റിൽ മൂന്ന് ലക്ഷം ലിറ്ററാക്കി കുറച്ചിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ കാരണം. പക്ഷെ ഉച്ചയ്ക്ക് ശേഷം വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. 2397.10 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്.
മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 137.40 അടിയാണ് ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴകൂടിയതാണ് ജലനിരപ്പ് ഉയരാൻ കാരണം. വൈഗ അണക്കെട്ടിലേക്ക് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയേക്കും. പക്ഷെ വൈഗ അണക്കെട്ടും ഇപ്പോൾ ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ് . അതുകൊണ്ട് തന്നെ വെള്ളം കൂടുതൽ കൊണ്ട് പോകുന്നതിൽ തമിഴ്നാട് താത്പര്യം കാണിക്കുന്നില്ല.
സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കാൻ കഴിയുന്ന വെള്ളത്തിന്‍റെ അളവ്. ഈ അളവിലേക്കെത്താൻ ഇനി അഞ്ച് അടി കൂടിയാണ് വേണ്ടത്. 136 അടി എത്തിയപ്പോൾ ആദ്യജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കിയിൽ അടിമാലി മുതൽ മൂന്നാർ വരെയുള്ള മേഖലകളിൽ മഴതുടരുകയാണ്. അടിമാലി കൊരങ്ങാട്ടിയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. കഴിഞ്ഞ ദിവസം ഇവിടെ ഉരുൾപൊട്ടിയിരുന്നു. ഈ മേഖലയിലെ ജനങ്ങളെ മുഴുവൻ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയതുകൊണ്ട് ആളപായം ഉണ്ടായില്ല. കൊച്ചി ധനുഷ്കോടി ദേശീയ പാതയിലും പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്.
മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നതിനെ തുടർന്ന് മൂന്നാർ ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്. മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകുകയാണ്. പഴയ മൂന്നാറിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മൂന്നാർ നഗരത്തിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വഴിയിലെ പല കടകളിലും വെള്ളം കയറിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നെല്ലാം ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് ജില്ലയിൽ ആളപായം ഉണ്ടാകാത്തത്. എന്നാൽ വൻതോതിലുള്ള കൃഷിനാശമാണ് ജില്ലയിൽ ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്.
വയനാട്
വയനാട് ജില്ലയിൽ ഇപ്പോഴും മഴ ശക്തമാണ്. മാനന്തവാടി തലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായെന്ന സംശയത്തെ തുടർന്ന് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ നടത്തുന്നു. കുറിച്യർമലയിൽ വീണ്ടും ഉരുൾപൊട്ടി. ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ 180 സെൻറീമീറ്റർ ഉയർത്തി. മഴ ശക്തമായാൽ ബാണാസുര സാഗറിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടാൻ സാധ്യതയുണ്ട്.
ജില്ലയിൽ 126 ദുരിതാശ്വാസ ക്യാന്പുകളിലായി 13484 പേരാണ് കഴിയുന്നത്. വൈത്തിരി മാനത്തവാടി താലക്കുകളിലാണ് ഇപ്പോൾ ശക്തമായ മഴ പെയ്യുകയാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള മക്കിമല കുറിച്യർമല, മേൽമുറി എന്നിവിടങ്ങളിൽ മഴ തകർത്തുപെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വനത്തിനുള്ളിൽ പലയിടത്തും ഉരുൾപൊട്ടിയെന്ന വിവരങ്ങൾ വരുന്നുണ്ട്. താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്.
കോഴിക്കോട്
കോഴിക്കോട് മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പല മേഖലകളിലും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. മുത്തപ്പൻ പുഴയും ഇരുവഴിഞ്ഞുപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പുഴകളുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണപ്പൻകുണ്ട് മേഖലയിൽ ഉരുൾപൊട്ടലുണ്ടായി. കഴിഞ്ഞദിവസവും ഇവിടെ ഉരുൾപൊട്ടിയിരുന്നു. കൂരാച്ചുണ്ടിലും പുല്ലുരാംപാറ മറിപ്പുഴ വനത്തിലും ഉരുൾപൊട്ടി. ആനക്കംപൊയിലിൽ ഒരുവീടിന് മുകളിൽ മരണം വീണു. എന്നാൽ ആളപായമില്ല. വനമേഖലകളിൽ നിന്ന് ഉരുൾപൊട്ടലിന്റെ റിപ്പോർട്ടുകൾ എത്തുന്നുണ്ട്. പല മേഖലയിലും കനത്ത കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
കണ്ണൂർ
കൊട്ടിയൂർ ചപ്പമലയിൽ വീണ്ടും ഉരുൾപൊട്ടൽ. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. കൊട്ടിയൂർ ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടർ മരംവീണ് തകർന്നു.
മലപ്പുറം
നിലമ്പൂര്‍ ചെട്ടിയാംപാറയ്ക്ക് സമീപം കാഞ്ഞിരപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. മലപ്പുറം കൽക്കുണ്ടിലും ഉരുൾപൊട്ടി
പാലക്കാട്
ഇടവിട്ട കനത്ത മഴയാണ് പാലക്കാട് ജില്ലിയിൽ പെയ്യുന്നത്. കൽപ്പാത്തിപ്പുഴയ്ക്ക് ഇരുകരകളിലുമുള്ള വീടുകളിൽ വെള്ളം കയറി. ആണ്ടിമഠം കോളനിയിൽ ഇരുപതിലേറെ വീടുകൾ നശിച്ചു. ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്. ഈ പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ പത്ത് ദുരിതാശ്വാസ ക്യാന്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. വേണമെങ്കിൽ കൂടുതൽ ക്യാന്പുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 60 സെന്റീമീറ്ററിലേക്ക് ഉയർത്താനുള്ള സാധ്യതയുമുണ്ട്. വാളയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.
ശബരിമല
ശബരിമലയിൽ മഴ തുടരുകയാണ്. ത്രിവേണി ഇപ്പോഴും വെള്ളത്തിനടിയിലാണ് . രണ്ട് പാലങ്ങളും മുങ്ങിയ അവസ്ഥയിലാണ്. നിറപുത്തരിക്കായി ഇന്ന് വൈകുന്നേരം ശബരിമല നടതുറക്കും. തന്ത്രിയെ വള്ളക്കടവ് വഴി വനംവകുപ്പിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തിക്കും . മേൽശാന്തി സന്നിധാനത്തുള്ളതിനാൽ നിറപുത്തരി ചടങ്ങുകൾക്ക് തടസ്സമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
തിരുവനന്തപുരം
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു.
