കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ മഴയും,ശൈത്യവും മൂലം ശ്വസന സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് 844 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നും അവരില്‍ അഞ്ചുപേര്‍ മരിച്ചതായിട്ടുമാണ് ആരോഗ്യ മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ സഹ്‌ലാവി അറിയിച്ചത്. മൂന്നുപേര്‍ മുബാരക് ആശുപത്രിയിലും രണ്ടുപേര്‍ അമിരി ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു 56കാരനായ ഇന്ത്യക്കാരനും ഉണ്ട്. 

ഹൈദ്രാബാദ് സ്വദേശിയായ ഹുസൈന്‍ മുഹമദ് ഹൂസൈന്‍ യുണൈറ്റഡ് ഇന്റെര്‍ ആക്ടീവ് കമ്പിനിയുടെ മന്‍ദൂപുമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ നിന്ന് അവധികഴിഞ്ഞ് തിരച്ചെത്തിയത്. കാര്‍ ഓടിച്ച് വീട്ടിലേക്ക് പോകവെ ശ്വാസടസം അനുഭവപ്പെടുകയും നിയന്ത്രണം വിട്ട വാഹനം ദസ്മയിലുള്ള ഒരു വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പോലീസ് എത്തി ഇദ്ദേഹത്തെ അമീരി ആശുപത്രിയല്‍ എത്തിച്ചെങ്കില്ലും മരണപ്പെട്ടു. കുവൈത്തില്‍ ഈയാഴ്ച അവസാനംവരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

ആസ്ത്മയും അലര്‍ജിയുമുള്ള രോഗികള്‍ക്ക് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. എച്ച്‌വണ്‍എന്‍വണ്‍ വൈറസ് ബാധയെത്തുടര്‍ന്ന് അമിരി ആശുപത്രിയിലെ രണ്ടുനിലകളുടെ പ്രവര്‍ത്തനം നിറുത്തിവച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.