Asianet News MalayalamAsianet News Malayalam

ഏഴുജില്ലകളില്‍ കനത്ത മഴക്ക് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ശക്തമായ മഴക്കൊപ്പം ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടാകുമെന്ന് കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

heavy rain in seven districts
Author
Trivandrum, First Published Sep 27, 2018, 1:24 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഈ മാസം മുപ്പത് വരെ കനത്ത മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 64.4 മുതൽ 124.4 മില്ലി മീറ്റര്‍ വരെ മഴ പെയ്യാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ശക്തമായ മഴക്കൊപ്പം ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടാകുമെന്ന് കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിപ്പിക്കാൻ ഉദ്ധേശിക്കുന്ന കെട്ടിടങ്ങൾ ഏറ്റെടുത്ത് ക്യാംപിനായി സജ്ജമാക്കണമെന്ന് നിർദേശവുമുണ്ട്. മലയോര മേഘലയിലെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 

കേരള ലക്ഷദ്വീപ് തീരത്തുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 5.30 മുതൽ നാളെ അർദ്ധരാത്രി വരെ ശക്തമായ തിരയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.  
 

Follow Us:
Download App:
  • android
  • ios