ശക്തമായ മഴയിൽ മൂന്നാർ ഒറ്റപ്പെടുന്നു ശക്തമായ നീരൊഴുക്കിൽ മുതിരപ്പുഴ കരകവിഞ്ഞു
മൂന്നാര്‍: കനത്ത മഴയിൽ മൂന്നാർ ഒറ്റപ്പെടുന്നു. ശക്തമായ നീരൊഴുക്കിൽ മുതിരപ്പുഴ കരകവിഞ്ഞു. പഴയ മൂന്നാറിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബൈപ്പാസിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
നാല് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ നിശ്ചലമായിരിക്കുകയാണ്. മുതിരപ്പുഴ കരകവിഞ്ഞ് ഒഴുകുന്നതാണ് മൂന്നാറിനെ പ്രതിസന്ധിയിലാക്കുന്നത്. ഹെഡ്‍വര്‍ക്സ് ഡാം തുറന്ന് വിട്ടെങ്കിലും നിരൊഴുക്ക് ശക്തമായത് മൂലം താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. മുതിരപ്പുഴയുടെ തീരപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കെഎസ്ആർടിസി ബസ്റ്റാന്‍റിന് സമീപത്തുള്ള വീടുകളിലും ഹോട്ടലുകളിലും വെള്ളം കയറി. എൽപി സ്കൂളിന് സമീപത്തുള്ള റോഡുകളും വെള്ളത്തിലാണ്.
രണ്ട് ദിവസം മുമ്പ് കന്നിയാർ പുഴയിൽ വീണ് കാണാതായ ദമ്പതികളെയും ആറ് പ്രായമുള്ള കുഞ്ഞിനെയും ഇതുവരെ കണ്ടെത്താനായില്ല. മലവെള്ളപ്പാച്ചിൽ നിമിത്തം രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇക്കാനഗറില്‍ കൈത്തോട് കരകവിഞ്ഞ് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. കൊച്ചി ധനുഷ്ക്കൊടി ദേശീയപാത, ബൈപ്പാസ്, സൈലന്‍റ്വാലി റോഡ് എന്നിവടങ്ങില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മഴ തുടർന്ന് മുതിരപ്പുഴയിൽ ജലനിരപ്പ് ഇനിയും ഉയർന്നാൽ മുന്നാർ പൂർണമായും ഒറ്റപ്പെടുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.
