തിരുവനന്തപുരം: സംസ്ഥാനത്തു മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ടെങ്കിലും ശക്തമായ മഴ നാളെ വരെ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ 13 സെന്റി മീറ്ററിനു മുകളില്‍ കനത്ത മഴ പെയ്തേക്കാം. കടല്‍ ക്ഷോഭത്തെത്തുടര്‍ന്നു സംസ്ഥാനത്ത് അഞ്ഞൂറോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്കു നീങ്ങിയതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാല്‍ 13 സെന്റീമീറ്ററിനുമുകളില്‍ മഴ നാളെ വരെ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
മണിക്കൂറില്‍ 45 മുതല്‍ 75 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ ക്ഷോഭം തടയാന്‍ തീരത്ത് ഉടന്‍ കല്ലുകള്‍ ഇടുമെന്നും എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുമെന്നുമുള്ള അധികൃതരുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
