തിരുവനന്തപുരം: ഇന്നലെ മുതല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നാളെ രാവിലെ വരെ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിസംബര്‍ 1 വരെ മഴ തുടര്‍ന്നേക്കുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. തെക്കന്‍ ജില്ലകളില്‍ 24 മണിക്കൂറിനിടെ 7 മുതല്‍ 11 വരെ സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. സംസ്താനത്തിന്റെ തെക്കന്‍ തീരത്ത് 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. 

തെക്കന്‍ ജില്ലകളിലെ വനമേഖലകളിലും നെയ്യാര്‍ മേഖലയുടെ വിഷ്ടി പ്രദേശത്തും മഴ തുടരുന്നതിനാല്‍ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മുഴുവന്‍ ഷട്ടറുകളും അഞ്ചടിയോളമാണ് തുറന്നത്. ഇതേ തുടര്‍ന്ന് ഡാമിന് സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്. അതേസമയം മഴയില്‍ ഇതുവരെയും നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.