തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(ജൂലൈ 12) അവധി പ്രഖ്യാപിച്ചു.  മഴ ഇന്നും ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

ആലപ്പുഴ ചേർത്തല താലൂക്കിലെ പ്രഫഷനൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും വയനാട്ടിലും പ്രൊഫഷണൽ കോളേജകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും. പാലക്കാട് ജില്ലയില്‍ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മലപ്പുറത്ത് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗൻവാടികൾക്കും അവധി ബാധകമാണ്.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സമിതി മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.