Asianet News MalayalamAsianet News Malayalam

കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

  • സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്
  • ശക്തമായ കാറ്റിലും കടലാക്രമണത്തിലും 25 വീടുകള്‍ തകര്‍ന്നു
  • പ്രൊഫഷണൽ കോളേജുകള്‍ക്കും അവധി ബാധകം
heavy rain school holiday announced by collector in six districts
Author
First Published Jul 15, 2018, 6:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടർന്ന് എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 16) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളത്തെ അവധിക്ക് പകരമായി ഈ മാസം 21 ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ല കളക്ടർമാര്‍ അറിയിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സർവ്വകലാശാല പരീക്ഷകൾക്കും ഐടിഐ കൗൺസലിങ്ങിനും അവധി ബാധകമല്ല. കേരള സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും 21 ലേക്ക് മാറ്റിയിട്ടുണ്ട്. കുസാറ്റിന് നാളെ പ്രവൃത്തി ദിവസമായിരിക്കും. 

അതേസമയം, സംസ്ഥാനത്ത് എങ്ങും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു എന്ന രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ട്. 2017 സെപ്റ്റംബർ 17ന് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടക്കുന്നത്.

ശക്തമായ കാറ്റിലും കടലാക്രമണത്തിലും 25 വീടുകള്‍ തകര്‍ന്നു. കൊല്ലം, ഇടുക്കി ജില്ലകളിലായി 12 വീടുകളും  മലപ്പുറം കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലകളിലുണ്ടായ ശക്തമായ കടലാക്രണമണത്തില്‍ 13 വീടുകളുമാണ് തകര്‍ന്നത്. നൂറോളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രം നേരത്തെ ഒരുക്കാത്ത റവന്യൂ അധികൃതരുടെ അനാസ്ഥയില്‍ കോഴിക്കോടെ ഭട്ട് റോഡ് ബീച്ച് നിവാസികള്‍ പ്രതിഷേധിച്ചു.

എറണാകുളം ചെല്ലാനത്ത് കടൽഭിത്തിയില്ലാത്തതിന് പകരം താത്കാലികമായി ഒരുക്കിയ ജിയോബാഗ്  തകർന്ന്  നിരവധി വീടുകളില്‍ വെള്ളം കയറി.കോതംഗലത്തെ  10 ആദിവാസി കോളനികളും രണ്ട് കുടിയേറ്റ് ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഇടുക്കി മറയൂരില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കതൃശൂരിലെ തീരപ്രദേശങ്ങളില്‍ ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് നൂറോളം വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തി നിര്‍മ്മാണ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ ദേശീയപാത ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.ജലനിരപ്പ് കൃമാതീതമായി ഉയര്‍ന്നതിനാല്‍ ഇടുക്കി,നെയ്യാര്‍, ബാണാസുരസാഗര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

അതേസമയം, അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

Follow Us:
Download App:
  • android
  • ios