ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 10) അവധി പ്രഖ്യാപിച്ചു. വയനാട്,പാലക്കാട്, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 10) അവധി പ്രഖ്യാപിച്ചു. വയനാട്,പാലക്കാട് ജില്ലയില്‍ പൂര്‍ണ്ണമായും ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള താലൂക്കൂകളിലും എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്, പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി ബാധകമായിരിക്കും. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. അതേസമയം, ഇടുക്കിയിലെ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കൂകളിലെയും പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗനവാടികള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ചാലക്കുടി താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനധിയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന (ആഗസ്റ്റ് 10) എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീടറിയിക്കും എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ആരോഗ്യസര്‍വകലാശാലയുടെ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. അതേസമയം, ബിഎസ്എംഎസ് സബ്ലിമെന്‍റിറി പരീക്ഷകള്‍ക്ക് മാറ്റമില്ല.