ഭോപ്പാല്‍: മധ്യപ്രദേശിൽ കനത്തമഴ തുടരുന്നു. സംസ്ഥാനത്തെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാനുള്ള നടപടികൾ ത്വരിതഗതിയിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പറഞ്ഞു. ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് കനത്ത മഴയും പ്രളയവും ദുരന്തം വിതച്ചതിന് തൊട്ട് പിന്നാലെയാണ് മധ്യപ്രദേശിലും മഴ ദുരിതം വിതക്കുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്യുന്ന കനത്തമഴ സത്നം,രേവ തുടങ്ങിയ ജില്ലകളെ പൂർണ്ണമായും വെള്ളത്തിനടിയിലാക്കി.തലസ്ഥാനമായ ഭോപ്പാലും കനത്തമഴയിൽ ദുരിതമനുഭവിക്കുകയാണ്.കഴിഞ്ഞ ദിവസം 244 മില്ലി മീറ്റർ മഴയാണ് ഇവിടങ്ങളിൽ ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് രേവ ജില്ലയിലെ തമസ് നദി കരകവിഞ്ഞ് ഒഴുകിയത് ദുരിതത്തിന്റെ അളവ് വർദ്ദിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്താന മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഉന്നതഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.

ഇതുവരെ 8 പേർ പ്രളയത്തിൽ മരിച്ചതായാണ് ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന വിവരം. ആയിരക്കമക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ നടക്കുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ വ്യക്തമാക്കി.വരും ദിവസങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.