കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ദിന സര്‍വീസിന് മികച്ച പ്രതികരണം. ആലുവ നിന്നും പാലാരിവട്ടത്ത് നിന്നും ആരംഭിച്ച സര്‍വീസുകളില്‍ കയറാന്‍ അതിരാവിലെ തന്നെ യാത്രക്കാരുടെ തിരക്കായിരുന്നു. യാത്രക്കാരില്‍ നിന്നുള്ള പ്രതികരണം മികച്ചതെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പുലര്‍ച്ചെ അഞ്ചര ആയപ്പോള്‍ മുതല്‍ ആറ് മണിക്ക് തുടങ്ങുന്ന മെട്രോയുടെ ആദ്യസര്‍വീസില്‍ തന്നെ കയറാന്‍ എത്തിയവരുടെ ക്യൂ സ്‌റ്റേഷനും കടന്ന് പാലാരിവട്ടത്തെ റോഡിലേക്ക് നീണ്ടു. മെട്രോയില്‍ ആദ്യയാത്രക്കായുള്ള തിരക്ക്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൃത്യമായ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയോടെ പ്രതിസന്ധികളില്ലാതെ കൃത്യം ആറ് മണിക്ക് തന്നെ മെട്രോ സര്‍വീസ് തുടങ്ങി.

ഇതിനിടയില്‍ യത്രക്കാരുടെ നടുവിലേക്ക് മെട്രോയിലെ ആദ്യദിനയാത്രക്കാരനാവാന്‍ കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജും പാലാരിവട്ടത്തെത്തി. യാത്രക്കാരുടെ സന്തോഷം കാണുമ്പോള്‍ അഭിമാനമെന്ന് ഏലിയാസ് ജോര്‍ജ്.