ശ്രീനഗര്‍: താപനില മൈനസ് എട്ടിലേക്ക് താഴ്ന്നതോടെ ജമ്മു കശ്മീരില്‍ ജനജീവിതം ദുസഹമായി. റോഡുകളില്‍ മഞ്ഞു മൂടുകയും മഞ്ഞു വീഴ്ച്ച ശക്തമാക്കുകയും ചെയ്തതോടെ കരമാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവും പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. 

കശ്മീര്‍ താഴ്വര പൂര്‍ണമായും ഒറ്റപ്പെട്ടതായാണ് ശ്രീനഗറില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. അസ്ഥിയ്ക്ക് പിടിക്കുന്ന തണ്ണുപ്പ് കാരണം ജനങ്ങളെല്ലാവരും മുഴുവന്‍ സമയവും വീടുകളില്‍ തന്നെ തങ്ങുകയാണ്. കഴിഞ്ഞ രാത്രികളിലെല്ലാം കനത്ത മഞ്ഞു വീഴ്ച്ചയാണ് കശ്മീര്‍ താഴ്വരയിലുണ്ടായതെന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെ ആരംഭിച്ച മഞ്ഞു വീഴ്ച്ച ഇപ്പോഴും പിന്നെ നിന്നിട്ടില്ല. സമീപകാലത്തെ ഏറ്റവും ശക്തിയായ ശൈത്യകാലത്തിലൂടെയാണ് കശ്മീര്‍ ഇപ്പോള്‍ കടന്നു പോകുന്നത്. 

ശനിയാഴ്ച്ച രാവിലെ എട്ടരയോടെ  രണ്ടടി ഉയരത്തില്‍  ഉത്തരകശ്മീരില്‍ മഞ്ഞ് മൂടിയത്. ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴ്ച്ച ശക്തമായതോടെ ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. ശ്രീനഗര്‍-ലെ ദേശീയപാതയും, മുഗള്‍ റോഡും ഇതിനോടകം അടച്ചു കഴിഞ്ഞു. മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് കാഴ്ച്ച മങ്ങിയതോടെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം കടുത്ത മഞ്ഞുവീഴ്ച്ചയെ അവഗണിച്ചു റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞ രാത്രിയോടെ കശ്മീരിന്‍റെ പല ഭാഗങ്ങളിലും വൈദ്യതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.