ജിദ്ദ: പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒരുക്കങ്ങളുമായി സൗദിയിലെ സാമൂഹിക സംഘടനകള്‍. പൊതുമാപ്പിനു അര്‍ഹാരായവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനായി ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരെ സൗജ്യന്യമായി നാട്ടിലെത്തിക്കണമെന്നു പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

സൗദിയില്‍ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് ബുധനാഴ്ചയാണ് പ്രാബല്യത്തില്‍ വരുന്നത്. പൊതുമാപ്പിന്‍റെ ആനുകൂല്യം നിയമലംഘകരായ പരമാവധി ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങിയിരിക്കുകയാണ് ജിദ്ദയിലെ മലയാളി സംഘടനകള്‍. പൊതുമാപ്പിനു അര്‍ഹരായവരെ സഹായിക്കുന്നതിനായി പല സംഘടനകള്‍ക്ക് കീഴിയും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് മടങ്ങാനായി സൗജന്യ വിമാനടിക്കറ്റും, പ്രത്യേക വിമാനങ്ങളും അനുവദിക്കണമെന്ന് പൊതു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പൊതുമാപ്പ് സംബന്ധമായ ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശനിയാഴ്ച പൊതുപ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്.