തിരുവനന്തപുരം: സൗജന്യമായി നൽകേണ്ട ഹെൽമറ്റിന് പണം ഈടാക്കിയ ഇരുചക്രവാഹന ഡീലർക്കെതിരെ നടപടി. 10 ദിവസത്തേക്ക് സ്ഥാപനത്തിൻറെ ട്രേഡ് സർട്ടിഫിക്കറ്റ് ആർടിഒ മരവിപ്പിച്ചു. ഗതാഗത കമ്മീഷണറുടെ സർക്കുലർ മറികടന്ന്, സൗജന്യമായി നൽകേണ്ട സാധനങ്ങൾക്ക് പണം ഈടാക്കുന്നത് ഏഷ്യാനെറ്റ് ന്യൂസാണ് ദൃശ്യങ്ങൾ സഹിതം പുറത്തുകൊണ്ടുവന്നത്.
തിരുവനന്തപുരം കരമനയിലെ ചേരൻ ഓട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്ന് സ്കൂട്ടർ വാങ്ങാനെത്തിയ വ്യക്തിയോടാണ് ഹെൽമറ്റിനും അനുബന്ധ സാധനങ്ങൾക്കും കമ്പനി പണം ആവശ്യപ്പെട്ടത്. ഇരുചക്രവാഹനം വാങ്ങുന്നയാൾക്ക് ഹെൽമറ്റ് സൗജന്യമായി നൽകണമെന്ന ഗതാഗത കമ്മീഷണറുടെ സർക്കുലർ നിലനിൽക്കെ ആയിരുന്നു ഈ അനധികൃത പണപ്പിരിവ്.
ഹെൽമറ്റിന് പണം വാങ്ങിയതിന് ശേഷം, ഇവ സൗജന്യമായാണ് കമ്പനി നൽകിയത് എന്ന് ഉപഭോക്താവ് സാക്ഷ്യപ്പെടുത്തുകയും വേണം. അല്ലെങ്കിൽ വാഹനം രജിസ്റ്റർ ചെയ്ത് നൽകില്ല. വാഹനം വാങ്ങാനെത്തിയ വ്യക്തിക്കൊപ്പം സ്ഥാപനത്തിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം, അനധികൃതമായി പണം ഈടാക്കുന്നതിൻറെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. സൗജന്യമായി കിട്ടേണ്ട സാധനങ്ങൾക്ക് പണം ഈടാക്കുന്നതിനെതിരെ ഉപഭോക്താവ് ആർടിഒക്ക് പരാതിയും നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായതിനെ തുടർന്ന്, സ്ഥാപനത്തിൻറെ ട്രേഡ് സർട്ടിഫിക്കറ്റ് ആർടിഒ 10 ദിവസത്തേക്ക് മരവിപ്പിച്ചു. ഇതോടെ, ഇവിടെ നിന്ന് വാങ്ങുന്ന വാഹനങ്ങൾക്ക് 10 ദിവസത്തേക്ക് താത്കാലിക രജിസ്ട്രേഷൻ ലഭിക്കില്ല. എന്നാൽ ആർടിഒയുടെ നടപടിക്കെതിരെ ഗതാഗത കമ്മീഷണർക്ക് അപ്പീൽ നൽകുമെന്നാണ് ചേരൻ ഓട്ടോമൊബൈൽസിൻറെ പ്രതികരണം.
