മക്കയിലെ ഹറം പള്ളിയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് സഹായവുമായി നൂറുക്കണക്കിനു സന്നദ്ധ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്. തീർത്ഥാടകർക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനൊപ്പം, അവശ്യ സൗകര്യങ്ങൾ ഒരുക്കാനും ഇവർ മുൻപന്തിയിലുണ്ട്.
അസീസിയ കാറ്റഗറിയിലുള്ള ഭൂരിഭാഗം ഇന്ത്യന്‍ ഹാജിമാരും മക്കയിലെ ഹറം പള്ളിയിലേക്ക് പോയി വരുന്നത് കുദായി പാര്‍ക്കിംഗ് വഴിയാണ്. കുദായ് പാര്‍ക്കിംഗില്‍ വെച്ച് ബസ് മാറി കയറണം. ഇവിടെ തീര്‍ഥാടകരെ സഹായിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുമായി നൂറുക്കണക്കിനു പേരെ കാണാം. കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇവരുടെ സേവനം എടുത്തു പറയേണ്ടതാണ്. കനത്ത ചൂടില്‍ കുടിവെള്ളവും, ചെരുപ്പും വിതരണം ചെയ്യുന്നതും, തണുത്ത വെള്ളം സ്പ്രേ ചെയ്യുന്നതുമെല്ലാം തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ മെഡിക്കല്‍ ടീമും ഇവിടെയുണ്ട്.
ഇന്ത്യ ഫ്രാറ്റെനിട്ടി ഫോറം, ആര്‍.എസ്.സി എന്നീ സംഘടനകളുടെ വളണ്ടിയര്‍മാരാണ് കാര്യമായി കുദായില്‍ സേവനം ചെയ്യുന്നത്. മക്കയുടെ മറ്റു പല ഭാഗങ്ങളിലും സജീവ സാന്നിധ്യമായ കെ.എം.സി.സി, കെ.സി.എഫ്, തനിമ, വിക്കായ തുടങ്ങിയ സംഘടനകളുടെ വളണ്ടിയര്‍മാരെയും ഇവിടെ കാണാം. അതേസമയം അസീസിയയില്‍ നിന്നും ഹറം പള്ളിയിലേക്കുള്ള ബസ് സര്‍വീസ് ഇന്ന് അവസാനിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഹജ്ജ് തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതരുടെ നിര്‍ദേശപ്രകാരമാണിത്. ഹജ്ജിനു ശേഷം സെപ്റ്റംബര്‍ ആറിനു ബസ് സര്‍വീസ് പുനരാരംഭിക്കും.
