തന്റെ അറിവോ സമ്മതമോ കൂടാതെ തീരുമാനിച്ച വിവാഹം ഒഴിവാക്കാനാണ് അവള്‍ ഒളിച്ചോടിയത് വിവാഹത്തിനൊരുക്കങ്ങള്‍ ചെയ്ത വീട്ടുകാര്‍ മകളെ ബലാത്സംഗം ചെയ്യാന്‍ ഭാവി വരന് അവസരം നല്‍കി
സുഡാന്: വിവാഹിതയാക്കാന് വീട്ടുകാര് തീരുമാനിക്കുമ്പോള് അവളുടെ പ്രായം പതിനാറ് മാത്രമായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ തീരുമാനിച്ച വിവാഹം ഒഴിവാക്കാനാണ് അവള് ഒളിച്ചോടിയത്. പക്ഷേ വീട്ടുകാര് തന്ത്രപൂര്വ്വം അവളെ തിരികെ വീട്ടിലെത്തിച്ചു. വീണ്ടും വിവാഹത്തിനൊരുക്കങ്ങള് ചെയ്ത വീട്ടുകാര് മകളെ ബലാത്സംഗം ചെയ്യാന് ഭാവി വരന് അവസരം നല്കി. മകള് ഒച്ചവയ്ക്കുന്നത് തടയാന് അവളെ പിടിച്ച് നിര്ത്തിയതാകട്ടെ സ്വന്തം സഹോദരനും.
ക്രൂരമായ പീഡനത്തിന് ശേഷം അവളുടെ ശരീരത്തില് നിന്ന് അയാള് മാറിയപ്പോള് അടുക്കളയില് നിന്ന് എടുത്ത കത്തികൊണ്ട് അവള് അയാളെ കുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല ആക്രമണം എങ്കിലും അവളുടെ കുത്തേറ്റ ഭാവിവരന് മരിച്ചു. പ്രതിരോധത്തിനായി അവള് ആക്രമിച്ചതിനെ കോടതി കണ്ടത് കൊലപാതകം ആയി ആയിരുന്നു.
നൂറ ഹുസൈന് എന്ന പെണ്കുട്ടിയ്ക്ക് നല്കുന്ന ശിക്ഷയെന്താണെന്ന് അറിയാന് നിരവധിയാളുകളാണ് വ്യാഴാഴ്ച ആ കോടതി വളപ്പില് തടിച്ച് കൂടിയത്. അന്താരാഷ്ട്ര തലത്തില് അവളുടെ അവകാശങ്ങള് സംരക്ഷിക്കാന് മനുഷ്യാവകാശ പ്രവര്ത്തകര് കൈകോര്ത്തെങ്കിലും സുഡാനിലെ കോടതി ആ അപേക്ഷകളെല്ലാം തള്ളിക്കളഞ്ഞ് നൂറയെ തൂക്കിക്കൊല്ലാന് വിധിച്ചു. സുഡാനിലെ നിയമം അനുസരിച്ച് പത്ത് വയസ് പ്രായമുള്ള പെണ്കുട്ടിയെ വിവാഹം ചെയ്ത് നല്കാം.
ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ആളുകള് നൂറയ്ക്ക് പിന്തുണയായി വന്നതോടെയാണ് സുഡാനില് പിന്തുടരുന്ന പ്രാകൃതമായ പല ആചാരങ്ങളിലേക്കും വെളിച്ചം വീശിയത്. നിലവില് സുഡാനിലെ രണ്ടാമത്തെ വലിയ നഗരമായ ഓംഡര്മാനില് തടവിലാണ് നൂറ. നിരവധിയാളുകള് നൂറ ഹുസൈന്റെ വിധി കേള്ക്കാന് എത്തിയിരുന്നെങ്കിലും ആ വിധി കേള്ക്കാന് അവളുടെ വീട്ടില് നിന്ന് ഒരാള് പോലും വന്നില്ല എന്നതും ശ്രദ്ധേയമാണ്. ശരിയത്ത് നിയമങ്ങള് ശക്തമായി പിന്തുടരുന്ന രാജ്യമാണ് സുഡാന്. നൂറയ്ക്ക് എന്ത് ശിക്ഷ നല്കണമെന്ന് തിരഞ്ഞെടുക്കാന് കൊല്ലപ്പെട്ടയാളുടെ വീട്ടുകാര്ക്കാണ് കോടതി അനുമതി നല്കിയത്. അവരുടെ തീരുമാനമായിരുന്നു നൂറയെ തൂക്കിക്കൊല്ലുക എന്നത്.
ലോകമെങ്ങും മനുഷ്യാവകാശ പ്രവര്ത്തകര് നൂറയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പതിനഞ്ച് ദിവസത്തിനുള്ളില് നൂറയുടെ ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്ട്ട്.
