അമ്മയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ മകനും മരുമകനും ഈറോഡില്‍ വാഹനാപകടത്തില്‍ മരിച്ചു. മകള്‍ക്ക് പരുക്കേറ്റു.

ആലപ്പുഴ: അമ്മയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ മകനും മരുമകനും ഈറോഡില്‍ വാഹനാപകടത്തില്‍ മരിച്ചു. മകള്‍ക്ക് പരുക്കേറ്റു. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തട്ടാരേത്ത് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെ മരണ വിവരമറിഞ്ഞ് കാറില്‍ നാട്ടിലേക്ക് തിരിച്ച മകന്‍ ശ്രീധരന്‍പിള്ള (64), ഇദ്ദേഹത്തിന്റെ സഹോദരി വിജയമ്മയുടെ ഭര്‍ത്താവ് മാവേലിക്കര വാത്തികുളം പൊന്നേഴ മുണ്ടകത്തില്‍ വീട്ടില്‍ വിജയശങ്കര്‍ പിള്ള (65) എന്നിവരാണ് മരിച്ചത്. 

പാറുക്കുട്ടിയമ്മയുടെ മരണ വിവരമറിഞ്ഞ്, മഹാരാഷ്ട്രയിലെ നാസിക്കില്‍ താമസിക്കുന്ന വിജയശങ്കര്‍ പിള്ളയും കുടുംബവും കാര്‍ മാര്‍ഗം ഹൈദരാബാദിലെത്തി അവിടെ ജോലി ചെയ്യുന്ന ശ്രീധരന്‍പിള്ളയെയും ഒപ്പം കൂട്ടി നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. ശ്രീധരന്‍പിള്ളയുടെ ഭാര്യ വിജയമ്മയ്ക്ക് അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ശ്രീധരന്‍പിള്ളയുടെ മകന്‍ വിനീഷ്, ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി രാമചന്ദ്രകുമാര്‍ എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച പുലര്‍ച്ചെയാണ് വിജയശങ്കര്‍ പിള്ളയും കുടുംബവും നാസിക്കില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഹൈദരാബാദിലെത്തി ഭാര്യാ സഹോദരനെയും കാറില്‍ കയറ്റി ഇന്നലെ പുലര്‍ച്ചെ ഈറോഡിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന് മുന്നേ സഞ്ചരിച്ചിരുന്ന റിക്കവറി വാന്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്ത് നിര്‍ത്തിയതിനെത്തുടര്‍ന്ന് വാനിന് പിന്നില്‍ കാറിടിക്കുകയായിരുന്നു.