സ്പീക്കര്‍, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുളള പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു.

ദില്ലി: സ്പീക്കര്‍, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുളള പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും. എച്ച്.കെ. പാട്ടീല്‍, രമേഷ് കുമാര്‍ എന്നിവരുടെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് സജീവം. അതേസമയം, കുമാരസ്വാമി സ്വാര്‍ത്ഥനെന്ന് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു. 

കർണാടകത്തിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോൺഗ്രസും ജെഡിഎസും ഇന്ന് ധാരണയിലെത്തിയേക്കും. വൈകിട്ട് ഇരുകക്ഷികളിലെയും എംഎൽഎമാരുടെ സംയുക്തയോഗം ബംഗളൂരുവിൽ നടക്കും. 

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിൽ കല്ലുകടികൾ തുടങ്ങിയെന്ന സൂചനകളാണ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നൽകുന്നത്. അഞ്ച് വർഷവും താൻ തന്നെയാവും മുഖ്യമന്ത്രിയെന്ന് കുമാരസ്വാമി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ആദ്യം സത്യപ്രതിജ്ഞ, പിന്നീട് ഇക്കാര്യങ്ങളിൽ ചർച്ചയെന്ന് കോൺഗ്രസ് നിലപാടെടുത്തു. എത്ര മന്ത്രിമാരാവും ഓരോരുത്തർക്കുമെന്ന് ഇതുവരെ ധാരണയായിട്ടില്ല. കൂടുതൽ മന്ത്രിസ്ഥാനത്തിന് പുറമെ സ്പീക്കർ പദവിയും കോൺഗ്രസിന്‍റെ ആവശ്യമാണ്. ഇത് ജെഡിഎസ് അംഗീകരിച്ചിട്ടുണ്ട്. വീരശൈവ ലിംഗായത്ത് വിഭാഗം സുപ്രധാനപദവികൾക്കായി സമ്മർദം തുടരുകയാണ്. ഇനിയും തഴഞ്ഞാൽ ഇപ്പോൾ കിട്ടുന്ന ലിംഗായത്ത് വോട്ടും പോകുമെന്നാണ് ഇവരുടെ വാദം.