പ്രളയക്കെടുതിയെ നേരിടാന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി പറഞ്ഞു. സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്‍റെ പേരിലുളള നിർബന്ധിത പണപ്പിരിവ് കൊളളയെന്ന് ഹൈക്കോടതി. സ്വകാര്യ ബാങ്കുകളുടെ റവന്യൂ റിക്കവറി പോലെ തിരുവതാംകൂർ ദേവസ്വം ബോർഡ് പെരുമാറരുതെന്നും കോടതി ഓ‍ർമിപ്പിച്ചു. ബോർഡിന്‍റെ നിർബന്ധിത ശമ്പള പിരിവിനെതിരെ ദേവസ്വം ബോർഡ് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് പരാമർശം. എന്നാൽ നി‍ർബന്ധിത പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു മാസത്തെ ശമ്പളം നിർബന്ധമായും നൽകണമെന്നാവശ്യപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. നിർബന്ധിതമായ ഈ പിരിവ് കൊളളയാണെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനക്കാർ സഹകരിക്കണമെന്നും ഒരു മാസത്തെ ശമ്പളം താൽപര്യമുളളവർക്ക് നൽകാമെന്നുമാണ് മുഖ്യമന്ത്രി പോലും പറഞ്ഞത്. സർക്കാരിന്‍റെ നിലപാട് ഇതായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർബന്ധിത പണപ്പിരിവ് നടത്തുന്നത് ശരിയല്ല. 

പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരവ് പിൻവലിക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങൾ നിശ്ചിത തുക നൽകണമെന്ന ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ജീവനക്കാരെ നിർബന്ധിച്ച് ഏതെങ്കിലും സ്ഥാപനങ്ങൾ പണം പിരിച്ചാൽ നടപടിയുണ്ടാകുമെന്നും പെൻഷൻകാരിൽ നിന്ന് പിരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക്പറഞ്ഞു.