സിഎസ്ഐ പള്ളിയുടെ ഭൂമികയ്യേറ്റം കലക്ടറുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി കലക്ടർ ഉത്തരവിന് ആശ്രയിച്ചത് പള്ളി രേഖകൾ
കോഴിക്കോട്: ചക്കിട്ടപ്പാറയിൽ പുറമ്പോക്ക് കയ്യേറിയ സിഎസ്ഐ പള്ളിക്ക് അനുകൂലമായി ജില്ലാ കലക്ടർ നൽകിയ അന്വേഷണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റവന്യൂ രേഖകള്‍ക്ക് പകരം പള്ളി രേഖകളെ ആശ്രയിച്ച് കലക്ടർ പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഭൂമി കയ്യേറ്റം ശരിവയ്ക്കുന്ന റവന്യൂ രേഖകൾ നിലനില്‍ക്കെയായിരുന്നു കോഴിക്കോട് കലക്ടർ സിഎസ്ഐ പള്ളിക്ക് അനുകൂലമായി ഉത്തരവ് ഇറക്കിയത് .ചക്കിട്ടപ്പാറ വില്ലേജ് ഓഫീസർ ,കൊയിലാണ്ടി തഹസിൽദാർ എന്നിവർ നടത്തിയ അന്വേഷണത്തിൽ പള്ളിയുടെ കൈവശത്തിലുള്ള 4 ഏക്കർ 11 സെന്‍റ് സ്ഥലം പുറമ്പോക്ക് കയ്യേറിയതാണെന്ന് തെളിഞ്ഞിരുന്നു.ഭൂമിയുടെ പട്ടയത്തിന് സാധുത ഇല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി സോളമൻ തോമസായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ 1964 മുന്‍പേ ഭൂമി പള്ളിയുടെ കൈവശമാണുള്ളതെന്നും. പള്ളിയിലെ അക്കൗണ്ട് ബുക്കും, മാമോദീസ രേഖയും, ശവസംസ്കാര രജിസ്റ്ററും ഇത് ശരിവയ്ക്കുന്നുവെന്നുമുള്ള വിചിത്ര വാദമടങ്ങിയ ഉത്തരവാണ് കളക്ടര്‍ യു വി ജോസ് നൽകിയത്..കലക്ടറുടെ ഉത്തരവ് തള്ളിയ ഹൈക്കോടതി കേസിൽ സർക്കാരിനും കലക്ടർക്കുമടക്കം 8കക്ഷികൾക്കും നോട്ടീസും അയച്ചു.കലക്ടറുടെ ഉത്തരവിന് പിന്നിൽ ഉന്നതതല ഇടപെടലുണ്ടെന്നാണ് പരാതിക്കാരന്‍റെ ആരോപണം.
