കൊച്ചി: ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയ്ക്ക് ഹൈക്കോടതി വിമര്‍ശനം. കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പിരിച്ചു വിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ ടി. ബി സുരേഷ്, ശ്യാമളദേവി എന്നിവരുടെ നിയമനം റദ്ദാക്കിയ ഉത്തരവിലാണ് ആരോഗ്യമന്ത്രിയെ കോടതി വിമര്‍ശിച്ചത്. 

ബാലാവകാശ കമീഷനില്‍ അംഗമാവാനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് തീയതി നീട്ടി ആരോഗ്യ- മന്ത്രി കെ.കെ ഷൈലജയുടെ നിര്‍ദേശ പ്രകാരം രണ്ടാമത് ഇറക്കിയ വിജ്ഞാപനമാണ് കോടതി റദ്ദാക്കിയത്. പുതിയ വിജ്ഞാപനം ഇറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിന് വ്യക്തമായ കാരണമില്ല. ഈ സാഹചര്യത്തില്‍ സത്യസന്ധമായല്ല മന്ത്രി തീരുമാനമെടുത്തതെന്ന് വേണം കരുതാന്‍. 

മന്ത്രിക്ക് നല്‍കിയിട്ടുള്ള അധികാരം ശരിയായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. ഭരണാധികാരികള്‍ യുക്തിപരമായാണ് തീരുമാനമെടുക്കേണ്ടത്. എന്തെങ്കിലും തോന്നലിന്റെ അടിസ്ഥാനത്തിലല്ല, പൊതുനന്‍മയായിരിക്കണം തീരുമാനത്തിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. മന്ത്രിക്ക് നല്‍കിയിട്ടുള്ള അധികാരം സത്യസന്ധമായും ശരിയായ രീതിയിലും വേണം ഉപയോഗിക്കാനെന്നും കോടതി പറഞ്ഞു.