Asianet News MalayalamAsianet News Malayalam

എസ് പിയുടെ ശരീരഭാഷ തന്നെ ശരിയല്ല; യതീഷ് ചന്ദ്രയ്ക്കും വിജയ് സാക്കറെയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഐജി വിജയ് സാക്കറെക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി. ശബരിമലയിലെ ഐജിക്കും എസ്പിക്കും മലയാളം അറിയില്ലേ ? ഡിജിപി ഇറക്കിയ സർക്കുലർ എന്തുകൊണ്ട് അവർക്ക് മനസിലാകുന്നില്ല ?.

high court against sp yatheesh chandra and vijay sakhare
Author
Sabarimala, First Published Nov 21, 2018, 4:02 PM IST

കൊച്ചി: ഐജി വിജയ് സാക്കറെക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി. ശബരിമലയിലെ ഐജിക്കും എസ്പിക്കും മലയാളം അറിയില്ലേ ? ഡിജിപി ഇറക്കിയ സർക്കുലർ എന്തുകൊണ്ട് അവർക്ക് മനസിലാകുന്നില്ല ?. എസ്പിയുടെ ശരീരഭാഷ തന്നെ ശരിയല്ലെന്നും കോടതി പറഞ്ഞു. ശബരിമല നിരോധനാജ്ഞയ്ക്ക് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇരുവര്‍ക്കുമെതിരെ ക്രിമിനൽ കേസ് ഉള്ളതല്ലേയെന്നും ഐജിയുടെയും എസ്പിയുടെയും വിശദാംശങ്ങള്‍ ഹാജരാക്കണം. ഇവരെ എന്തിന് നിയമിച്ചുവെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വാക്കാൽ നിയമം ലംഘിച്ച് അവിടെ എത്തിയ രാഷ്ട്രീയ നേതാക്കളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ചോദ്യമുയര്‍ന്നു.

അതേസമയം ഭക്തർക്ക് സംഘമായോ ഒറ്റയ്ക്കോ പോകാമെന്നും ശരണമന്ത്രം ചൊല്ലുന്നവരെ തടയരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പറപ്പെടുവിച്ചു. നിരോധനാജ്ഞ പുറപ്പെടുവിക്കാൻ ആധാരമാക്കിയ രേഖ, റിപ്പോർട്ട്‌ അടങ്ങിയ ഫയൽ ഹാജരാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിർദേശിച്ചു. ശരണമന്ത്രം ചൊല്ലുന്നത് തടയരുത്.  പോലീസ് നീതി നടപ്പാക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പല തവണകളായി സര്‍ക്കാറിനും പൊലീസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്.  ശബരിമലയിൽ നിന്ന് ഇതരസംസ്ഥാന ഭക്തർ മടങ്ങിയോ?, നിയന്ത്രണങ്ങൾ നിയമപരമായാണോ നടപ്പിലാക്കിയത്?, ഭക്തരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടോ?, നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോയെന്നടക്കം നിരവധി കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

പ്രാർത്ഥന യജ്ഞവും ശരണ മന്ത്രങ്ങൾ ഉരുവിടുന്നതും തമ്മിൽ വിത്യാസം ഉണ്ട്. ശരണ മന്ത്രം ഉരുവുടുന്നെത്തിൽ തെറ്റില്ല. അന്യസംസ്ഥാനത് നിന്ന് വന്നവർ മടങ്ങി പോയെങ്കില്‍ അത് മൗലികാവകാശ ലംഘനം ആണെന്നും കോടതി നിരീക്ഷിച്ചു.  നിരോധനാജ്ഞ ഏർപ്പെടുത്തിയതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. 

ശബരിമലയില്‍ നിരോധനനാജ്ഞ എങ്ങനെ നടപ്പിലാക്കുന്നുവെന്നും നിരോധനാജ്ഞ ആർക്കൊക്കെ ബാധമാകുമെന്നും ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാർ എങ്ങനെയാണ്  തിരിച്ചറിയുന്നതെന്നും സർക്കാർ വിശദീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഉച്ചയ്ക്ക്  1.45ന് ദേവസ്വം ബെഞ്ച് കേസ് വീണ്ടും  പരിഗണിച്ചപ്പോള്‍ എജി ഹൈക്കോടതിയിൽ വിശദീകരണം നൽകി.

തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ട വിശേഷത്തിനിടയിലും ശബരിമലയിൽ സംഘർഷമുണ്ടായിതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമെന്നും മണ്ഡലകാലത്തും സംഘർഷങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും എജി വിശദീകരിച്ചു. വിശദീകരണങ്ങളും ഹര്‍ജിക്കാരുടെ വാദവും കേട്ട ശേഷമായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഭക്തരെക്കാൾ  കൂടുതൽ പൊലീസുകാർ ഉണ്ടായിട്ടും ക്രമസമാധാന പാലനം അവര്‍ക്ക് സാധിക്കുന്നില്ല. പബ്ലിക് ഓര്‍ഡറും ലോ ആൻഡ് ഓർഡറും തമ്മിൽ വ്യത്യാസം ഉണ്ട്. പബ്ലിക് ഓർഡർ നിലനിർത്താനാണ് 144 പ്രഖ്യാപിക്കുന്നത്. പക്ഷെ ഇവിടെ ക്രമസമാധാന പാലനത്തിന് ആണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.  ചില രാഷ്ട്രീയ സർക്കുലറുകൾ  കാണാൻ ഇടയായെന്നും ട്രെയിനിങ് ആവശ്യം എന്നും, ആക്രണത്തിന് ആവശ്യമായ സാധങ്ങൾ കരുതണം എന്നും അതില്‍ പറയുന്നു. എന്താണ് ആ സാധനങ്ങൾ? അതിനെ പറ്റി പോലീസ് അന്വേഷിക്കണ്ടതല്ലേ എന്നുമായിരുന്നു  ഹര്ജിക്കാരോട് ഹൈക്കോടതിയുടെ ചോദ്യം.

Follow Us:
Download App:
  • android
  • ios