കൊച്ചി: മുത്തലാഖ് വിവേചനപരമെന്ന് ഹൈക്കോടതി. രാജ്യത്ത മുസ്ലീം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ വിവേചനം നേരിടുന്നുവെന്നും കോടതി പറഞ്ഞു. വിവാഹങ്ങള്‍ക്ക് പൊതുനിയമം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമന്ത്രാലയത്തിന് ഹൈക്കോടതി വിധിപകര്‍പ്പ് അയക്കും.

മൂന്ന് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി പരാമര്‍ശം. വിവാഹമോചനത്തിന്റെ പേരില്‍ രാജ്യത്തെ മുസ്ലീം സ്ത്രീകളാണ് ഏറ്റവും അധികം വിവേചനം നേരിടുന്നത്. രാജ്യത്തെ വിവാഹ നിയമം ഏകീകരിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് നീതി ലഭിക്കൂവെന്നും കോടതി അഭിപ്രായപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖ് അംഗീകരിക്കുന്നില്ല. വിവാഹങ്ങള്‍ക്ക് പൊതുനിയമം നിര്‍മിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര നിയമന്ത്രാലയത്തിനും നിയമ കമ്മീഷനം വിധിപകര്‍പ്പ് അയച്ച് കൊടുക്കാനും  ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിവാഹത്തിന് പൊതുനിയമം വന്നാല്‍ ശരിയത്തിന് എതിരാകുമെന്ന ആശങ്ക തെറ്റാണെന്നും കോടതി വിലയിരുത്തി. മുത്തലാഖിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് തിരുത്തണം എന്നാവശ്യപ്പെട്ട് ദന്പതികള്‍ നല്‍കിയ ഹര്‍ജിയടക്കമാണ് കോടതി പരിഗണിച്ചത്.