19 വയസുകരിയായ മകളെ കാണാനില്ലെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ പിതാവ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കൊച്ചി: 18 വയസുകാരനും 19 വയസുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മകളെ വിട്ടുകിട്ടാന്‍ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് റിട്ട് തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് തന്റെ ഇഷ്ടപ്രകാരം ജീവിക്കാമെന്ന് കോടതി അറിയിച്ചു.

19 വയസുകരിയായ മകളെ കാണാനില്ലെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ പിതാവ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ആണ്‍കുട്ടിക്ക് 21 വയസ് തികയാത്തതിനാല്‍ ബാലവിവാഹ നിരോധന നിയമപ്രകാരം വിവാഹം സാധുവാകില്ലെന്നും പിതാവിനൊപ്പം പെണ്‍കുട്ടിയെ വിടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് നിഷേധിച്ച കോടതി, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതാണെന്നും അവള്‍ക്ക് ഇഷ്ടമുള്ളയാളുടെ കൂടെ ജീവിക്കാമെന്നും വിധിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയായവരുടെ തീരുമാനത്തില്‍ മാറ്റമില്ലാത്തിടത്തോളം കോടതിക്ക് വൈകാരികമായി വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ല. നിയമത്തിന്റെ പരിരക്ഷ ഉള്ളടുത്തോളം കാലം കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ചമയാന്‍ കഴിയില്ല. ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ വ്യാപകമായി നിലനില്‍ക്കെ, ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി ഇത്തരം ബന്ധങ്ങളെ വേര്‍പെടുത്താന്‍ കഴിയില്ലെന്നും ജസ്റ്റിസ് ചിദംബരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിധിച്ചു. രണ്ട് പേര്‍ക്കും നിയമപരമായ വിവാഹപ്രായം ആവുമ്പോള്‍ വിവാഹം കഴിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാമെന്നും ഒരുമിച്ച് താമസിക്കുന്നത് തടയാന്‍ കഴിയില്ലെന്നും കോടതി വിധിക്കുകയായിരുന്നു.