ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. 

കൊച്ചി: പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തു വിട്ടവരുടെ ലിസ്റ്റ് ഗവർണറും സർക്കാരും ആറുമാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു.

മഹാത്മാഗാന്ധിയുടെ150-മാത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. കൊലപാതകക്കേസുകളില്‍ ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരും. 

പുനഃപരിശോധിക്കുമ്പോള്‍ ഇളവ് ലഭിച്ച് ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കിൽ എടുത്ത് ആവശ്യമെങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളവരാണ്. 

ചീമേനി തുറന്ന ജയിലില്‍ നിന്ന് 28 പേര്‍, വനിതാ ജയിലില്‍ നിന്ന് ഒരാള്‍, നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111 പേര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേര്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം ഇളവ് ലഭിച്ച് പുറത്ത് പോയത്. ആറ് മാസത്തെ കാലയളവുകൊണ്ട് ലിസ്റ്റിലുള്ളവരുടെ ജീവിത രീതി പരിശോധിച്ച് ആവശ്യമെങ്കില്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും. നേരത്തെ രാഷ്ട്രീയ തടവുകാരുടെ പേര് വന്ന ലിസ്റ്റ് ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു.