വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസിലാണ് വിജിലന്‍സിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. വിജിലന്‍സ് കേരള പോലീസിന്റെ ഭാഗം മാത്രമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സിന് പ്രത്യേക അധികാരങ്ങളില്ല. കളളപ്പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയണം.
ഇല്ലെങ്കില്‍ വിജിലന്‍സ് സംവിധാനം എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. കേസിലെ പരാതിക്കാരന്‍ പായിച്ചറ നവാസിന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്നും കോടതി ആരാഞ്ഞു. 40 പരാതികള്‍ ഇയാള്‍ നല്‍കിയതായാണ് സൂചന. ഇതിന് പിന്‍ബലമായി നല്‍കിയിരിക്കുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ശങ്കര്‍ റെഡ്ഡിക്ക് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതിലും വിജിലന്‍സ് ഡയറക്ടറായി നിയമനം നല്‍കിയതിലും ചട്ടലംഘനമുണ്ടെന്ന റിപ്പോര്‍ട്ട് കഴി‍ഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം മുന്‍സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റം ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എങ്കിലും നിയമനവുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു. വിജിലന്‍സ് തീരുമാനത്തിനെതിരെ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ചെന്നിത്തലക്കെതിരായ പരാതി തള്ളി.