മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് ദ്രുത പരിശോധന നടത്തിയിട്ടും കേസെടുക്കാത്തത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇത് പരിഗണിക്കവെ വിജിലന്‍സ് വകുപ്പിന്റെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് കെമാല്‍ പാഷ അടിയന്തരമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. അങ്ങനെ ചെയ്തില്ലെങ്കില്‍ കാരണമെന്തെന്ന് വിജിലന്‍സ് വിശദീകരിക്കണം. വരുന്ന 18ന് വിജിലന്‍സ് ഡയറക്ടര്‍ തന്നെ നേരിട്ട് ഹാജരായി മറുപടി നല്‍കുകകയും വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
വ്യവസായി വി.എം രാധാകൃഷ്ണന് മലബാര്‍ സിമന്റ്സിലെ അഴിമതി ഇടപാടില്‍ പങ്കുണ്ടെന്ന് ദ്രുതപരിശോധനയില്‍ വ്യക്തമായിട്ടും കേസെടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. വി.എം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോ. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണോ. സര്‍ക്കാര്‍ എന്തിനാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നത്. ഭരണകൂടത്തിന് രാധാകൃഷ്ണനെ ഭയമാണോയെന്നും അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.
