2015 സെപ്റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു കേസിലെ വാറണ്ടുമായാണ് നാദാപുരം കുമ്മങ്കോട് അയൂബിനെ തേടി പോലീസ് എത്തുന്നത്. എന്നാല്‍ ആള്‍ സ്ഥലത്തില്ലെന്ന് വീട്ടിലുള്ള സ്‌ത്രീകള്‍ അറിയിച്ചെങ്കിലും, അയൂബ് ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞ് നാദാപുരം എസ്.ഐ ആയിരുന്ന ശ്രീനിവാസന്റെയും എ.എസ്.ഐ ആയിരുന്ന സുജിത്തിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം വീട് തല്ലിത്തകര്‍ക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമില്ലാത്തതിനാല്‍ അയൂബിന്‍റെ ഭാര്യ പാത്തൂട്ടി ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് പോലീസുകാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് ബോധ്യപ്പെട്ട കമ്മീഷന്‍ ഇവര്‍ക്കെതിരെ കേസ് എടുക്കാനും, വീടിനുണ്ടായ നഷ്‌ടപരിഹാരം ഈടാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷന്‍ ഉത്തരവ് അവഗണിച്ചപ്പോഴാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് രണ്ട് മാസത്തിനുള്ളില്‍ കുറ്റക്കാരായ മുന്‍ എസ്.ഐ ശ്രീനിവാസന്‍, എ.എസ്.ഐ സുജിത്ത് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നഷ്‌ടപരിഹാരം ഈടാക്കാനും കോടതി ഉത്തരവിട്ടത്. കേസ് പിന്‍വലിക്കാന്‍ പോലീസ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അയൂബിന്റെ സഹോദരന്‍ മുസ്തഫ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി പോലീസ് കംപ്ലെയ്ന്‍റ് അതോരിറ്റിയുടെ പരിഗണിനയിലുമുണ്ട്.