കൊച്ചി: എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരിയുടെ നിയമനത്തില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. അതീവ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ കൊടുത്ത എതിര്‍ സത്യവാങ്‌മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈ കോടതി, ജൂലൈ 10നകം സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

തച്ചങ്കരിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടില്ലെന്ന് ഹൈ കോടതി നിരീക്ഷിച്ചു. മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തച്ചങ്കരിക്കെതിരെ കുറ്റപത്രം നിലവിലുണ്ട്. എന്നാല്‍ ഇവിടെ ഹാജരാകുന്നതില്‍ നിന്നും തച്ചങ്കരി മനഃപൂര്‍വം ഒഴിവായി നില്‍ക്കുകയാണ്. വിവിധ കേസുകളില്‍ തച്ചങ്കരി അന്വേഷണം നേരിടുന്നുണ്ട്. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കാത്തു നല്‍കിയിരുന്നു. പത്ത് മാസങ്ങള്‍ക്ക് ശേഷവും ഇതിന്മേല്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസ് ഇനി ജൂലൈ 10ന് കോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തച്ചങ്കരിയെ എ.ജി.പിയായി നിയമിച്ചതും പോലീസിലെ കൂട്ട സ്ഥലം മാറ്റവും ചോദ്യം ചെയ്ത് ആലപുഴ സ്വദേശി ജോസ് തോമസ്‌ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. എന്നാല്‍ നിയമനത്തില്‍ അപാകത ഇല്ലെന്ന് കാണിച്ചാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്‌മൂലം നല്‍കിയത്.