കൊച്ചി:  ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജിലെ വാദം  കേള്‍ക്കുന്നത് ഹൈക്കോടതി ജനുവരിയിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹർജി.

സിബിഐയുടെയും,പിണറായി വിജയന്‍റെ അഭിഭാഷകന്‍റെയും അഭിപ്രായം കേട്ട ശേഷമാണ് തീരുമാനം. നവംബർ 29 ന് പരിഗണിച്ച ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് താത്പര്യം എന്നറിയിച്ച കോടതി,ക്രിസ്ത്മസ് അവധിക്ക് മുന്‍പ് ഈ മാസം 19നകം വാദം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന് ഇരു കക്ഷികളോടും ചോദിച്ചു.

കൂടുതല്‍ സമയം അവശ്യമാണെന്ന് സിബിഐയുടെ അഭിഭാഷകനും,പിണറായിക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദാമോദരനും അറിയിച്ചു. തുടര്‍ന്നാണ് കോടതി ജനുവരി 4 മുതല്‍ 12 വരെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.കേസിലെ റിവിഷന്‍ ഹർജിയില്‍ അന്തിമവാദം നവംബര്‍ 29ന് നടത്താനാണ് ആദ്യം തിരുമാനിച്ചിരുന്നത്. എന്നാല്‍ സിബിഐയുടെ ആവശ്യ പ്രകാരം കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. 

സിബിഐക്കായി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരായത്. കേസ് പരിഗണിക്കുമ്പോള്‍ അന്തിമവാദം തുടങ്ങുന്നതിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. 1997ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍,ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവ്‌ലിന്‍ കമ്പനിയുമായുണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവിന് 374 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.