ഭൂമി കയ്യേറ്റ കേസില്‍ തോമസ് ചാണ്ടി ഹർജികൾ പിൻവലിച്ചു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് തോമസ് ചാണ്ടി അടക്കമുള്ളവർക്ക് 25000 രൂപ പിഴ
കൊച്ചി: ഭൂമി കൈയ്യേറ്റ കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പിൻവലിച്ചതിന് മുൻ മന്ത്രി തോമസ് ചാണ്ടിയടക്കമുള്ളവർക്ക് ഹൈക്കോടതി പിഴ ചുമത്തി. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് 25000 രൂപ വീതം പിഴയൊടുക്കാനാണ് നിർദ്ദേശം. വിധി പറയാനിരിക്കുന്ന കേസ് പിൻവലിക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.
ലേക് പാലസ് റിസോർട്ടിന്‍റെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു അഞ്ച് ഹർജികൾ. തോമസ് ചാണിടി, മകൻ ടോബി ചാണ്ടി, വാട്ടർ വേൾഡ് ടൂറിസം കമ്പനി ഡയറക്ടറായ ജോസ് മാത്യു, ജിജി മോൻ വർഗീസ് എന്നിവരായിരുന്നു ഹർജിക്കാർ. വാദം പൂർത്തിയായ കേസിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ഹർജികൾ പിൻവലിച്ചത്. ഹർജി പിൻവലിക്കാൻ കക്ഷികൾക്ക് അവകാശമുണ്ട്, എന്നാൽ കോടതിയുടെ സമയവും വിലപ്പെട്ടതാണ്. വാദം പൂർത്തിയാക്കിയ കേസിൽ ഹർജി പിൻവലിക്കുന്ന നടപടി നല്ല കീഴ്വഴക്കമല്ലെന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാർ ചൂണ്ടികാട്ടി.
കോടതിയുടെ സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കം നാല് പേരാണ് പിഴയൊടുക്കേണ്ടത്. വാട്ടർ വേൾഡ് ടൂറിസ് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ജിജിമോൻ വർഗീസ് നൽകിയ ഹർജിയിൽ കോടതിയിൽ വാദം തുടങ്ങിയിരുന്നില്ല. അതിനാൽ ഇയാളെ പിഴയൊടുക്കുന്നതിൽ നിന്ന് കോടതി ഒഴിവാക്കി. മറ്റുള്ളവർ പത്ത് ദിവസത്തിനകം കേരള ലീഗൽ സർവ്വീസ് അതോറിറ്റിയിൽ തുക കെട്ടിവെക്കണം. സുപ്രീം കോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരെ അടക്കം എത്തിച്ചായിരുന്നു കേസിൽ തോമസ് ചാണ്ടി വാദങ്ങൾ നിരത്തിയത്. എന്നാൽ കോടതിയുടെ ഭാഗത്ത് നിന്ന് തോമസ് ചാണ്ടിക്കെതിരെ ഗുരുതുമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. കേസിൽ വിധി എതിരാകുമെന്ന് ഉറപ്പായതോടെയാണ് തോമസ് ചാണ്ടിയുടെ പിൻമാറ്റം.
