കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്നവരെ കൊള്ളയടിച്ച കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. പാലക്കാട് കൊയമ്പത്തൂര്‍ പാതയില്‍ സഞ്ചരിക്കവേ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

കൊച്ചി: കേരളത്തില്‍ നിന്നും തമിഴ് നാട്ടിലേക്ക് പോകുന്നവരെ കൊള്ളയടിച്ച കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. പാലക്കാട് കൊയമ്പത്തൂര്‍ പാതയില്‍ സഞ്ചരിക്കവേ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

പാലക്കാട്- കോയമ്പത്തൂര്‍ പാതയിലെ ഉക്കടത്ത് വാഹനാപകടമുണ്ടാക്കി തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സമാന സ്വഭാവമുള്ള കേസുകളുടെ വിശദാംശങ്ങളറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തിരൂര്‍ സ്വദേശി ഹംസയാണ് പരാതിക്കാരന്‍. സംഭവത്തെക്കുറിച്ച് ഹര്‍ജിയില്‍ പറയുന്നതിങ്ങനെ: 

കഴിഞ്ഞ മാസം രണ്ടിനാണ് സംഭവം നടന്നത്. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനായി തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ഹംസയുടെ വാഹനത്തില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തിയ ഉടനെ ഡ്രൈവറെയും ഹംസയെയും ബന്ദികളാക്കി. കണ്ണുകെട്ടിക്കൊണ്ടുപോയത് മലഞ്ചരിവിനടുത്തുള്ള അജ്ഞാത കേന്ദ്രത്തിലേക്ക്. ആവശ്യപ്പെട്ടത് ഇരുപത് ലക്ഷം രൂപ മോചന ദ്രവ്യം. സുഹൃത്തുക്കളെവിളിച്ചു പറഞ്ഞതനുസരിച്ച് പത്തു ലക്ഷം പാലക്കാട് രാമനാട്ടുകരയില്‍ വച്ച് കൈമാറി. ബാക്കി പത്തു ലക്ഷം രൂപയ്ക്ക് ബ്ലാങ്ക് ചെക്കും നല്‍കി. എന്നിട്ടും വിട്ടയച്ചില്ല. നാല്‍പത് ലക്ഷം വേണമെന്നായി. തുടര്‍ന്ന് ഹംസയുടെ കുടുംബം തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കഴിഞ്ഞ മാസം അഞ്ചിന് രാത്രി പത്തരയോടെ കൊപ്പത്ത് ഹംസയെയും ഡ്രൈവറെയും വാഹനത്തില്‍ കൊണ്ടുവന്നിറക്കിവിട്ടു.

ഹംസ സഞ്ചരിച്ചിരുന്ന വാഹനം അക്രമി സംഘത്തിന്‍റെ കസ്റ്റഡിയിലാണ്. തിരൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷെമീറും നൗഫലും പിടിയിലായി. മറ്റുള്ളവരിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടാണ് ഹംസ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ തട്ടിക്കൊണ്ടുവന്ന നിരവധി പേരെ പാര്‍പ്പിച്ചിരുന്നതായി ഹംസ പരാതിയില്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളാ- തമിഴ് നാട് അതിര്‍ത്തിയില്‍ ഇത്തരം എത്ര കേസുകല്‍ റിപ്പോര്‍ട്ടു ചെയ്തു എന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.