പ്രളയത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുമ്പോൾ കൃത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി. അർഹതയുള്ളവർ ആരെന്ന് തരംതിരിക്കാന്‍ വിദഗ്ധ ഉപദേശം തേടണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപയെന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു.
കൊച്ചി: പ്രളയത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുമ്പോൾ കൃത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി. അർഹതയുള്ളവർ ആരെന്ന് തരംതിരിക്കാന്‍ വിദഗ്ധ ഉപദേശം തേടണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപയെന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ചില സുപ്രധാന നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്‍റെ തോതും കണക്കിലെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തിൽ വേണമെങ്കില്‍ സാറ്റലൈറ്റ് ചിത്രങ്ങളും ഉപയോഗപ്പെടുത്താമെന്നും കോടതി പറഞ്ഞു. എന്തൊക്കെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന മാനദണ്ഡം എന്തെന്ന് ഈ മാസം 19 ന് മുമ്പായി കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സർക്കാറിന്‍റെ പ്രവർത്തനം ജനം അവലോകനം ചെയ്യുന്നുണ്ട്. റവന്യു ഉദ്യോഗസ്ഥർ വഴി നഷ്ടപരിഹാരം കണക്കാൻ തീരുമാനിച്ചാൽ കാലതാമസത്തിനും അഴിമതിക്കും സാധ്യതയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ശരിയായ നഷ്ടം കണക്കാക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വന്നാല്‍ അത് വ്യാപക അഴിമതിക്ക് ഇടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, സുതാര്യവും ശാസ്ത്രീയവുമായി കാര്യങ്ങൾ വിലയിരുത്തണമെന്നും ഇക്കാര്യത്തിൽ വിദഗ്ധ ഉപദേശം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
