കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ദേവികുളം അഡീഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുന്നതിന് ജോയ്സ് ജോർജ് എംപിക്ക് ഹൈക്കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചു.

കൊച്ചി: കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ദേവികുളം അഡീഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുന്നതിന് ജോയ്സ് ജോർജ് എംപിക്ക് ഹൈക്കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചു. ജോയ്സിനോട് ഇന്ന് ഹാജരായി രേഖകൾ സമർപ്പിക്കാൻ ദേവികുളം സബ് കളക്ടർ നിർദ്ദേശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രേഖകൾ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൊട്ടക്കമ്പുരിലെ ജോയ്സിന്‍റെ ഭൂമിയുടെ പട്ടയം ഒരു വർഷം മുമ്പ് സബ്കളക്ടർ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ജോയ്സിന്‍റെ കേസ് ഇനി അടുത്ത മാസം പരിഗണിക്കും. 

കൊട്ടക്കമ്പൂരിലെ ജോയ്സിന്‍റെ ഭൂമിയുടെ പട്ടയം വേണ്ടത്ര വിശദീകരണം തേടാതെ സബ്കളക്ടർ റദ്ദാക്കിയെന്ന് ഇടുക്കി ജില്ല കളക്ടറാണ് കണ്ടെത്തിയത്. പട്ടയം റദ്ദാക്കിയതിൽ പുനരന്വേഷണത്തിന് കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജോയ്സിനോട് വീണ്ടും പട്ടയ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞ ജൂലൈയിൽ സബ്കളക്ടർ ആവശ്യപ്പെട്ടിരുന്നു. 

ഇതിനെതിരെ ജോയ്സ് ലാൻഡ് റവന്യൂ കമ്മീഷണറെ സമീപിച്ചു. അപേക്ഷ ലാൻഡ് റവന്യൂ കമ്മീഷണർ നിരസിച്ചതിനെ തുടർന്നാണ് ജോയ്സിനോട് നേരിട്ട് ഹാജരാകാൻ സബ് കളക്ടർ നിർദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു മാസം കൂടി ഹൈക്കോടതി സാവകാശം നല്‍കിയിരിക്കുകയാണ്.