ചിത്തിര ആട്ടവിശേഷ സമയത്തെ ശബരിമലയിലും സന്നിധാനത്തുമുണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ്
കൊച്ചി: ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചു ശബരിമലയിൽ ഉണ്ടായ സംഘർഷത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ആചാര ലംഘനം ഉണ്ടായെന്ന സ്പെഷ്യൽ കമ്മീഷറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറിയ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ ആചാര ലംഘനം നടത്തിയെന്നും സ്ത്രീകളെ തടഞ്ഞെന്നുമായിരുന്നു സെപ്ഷ്യൽ കമ്മീഷണർ എം മനോജ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മണ്ഡല കാലത്തും സമാനമായ സംഘർഷങ്ങൾക്ക് സാധ്യത ഉണ്ടെന്നും പ്രതിഷേധ പരിപാടികൾ നിന്ന് പിൻമാറാൻ രാഷ്ട്രീയ പാർട്ടികളോട് നിർദ്ദേശിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ദേവസ്വം ബോർഡിനോടും വിശദീകരണം തേടിയിട്ടുണ്ട്.
ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നടത്തിയ വിവാദ പ്രസംഗത്തിലെ പോലീസ് കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈ കോടതിയെ അറിയിച്ചു. പ്രസംഗത്തിന് പിന്നാലെ സന്നിധാനത്തു സംഘർഷം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ നിലവിലുണ്ട്. 52 വയസ്സുള്ള സ്ത്രീയെ വരെ തടഞ്ഞു. 10നും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ മല കയറാതിരിക്കാൻ പോരാട്ടം നടത്തണം എന്നായിരുന്നു ശ്രീധരൻപിളളയുടെ പ്രസംഗം. പോരാട്ടം എന്നത് കൊണ്ട് പൂമാല കൊടുക്കണമെന്നോ ബിരിയാണി കൊടുക്കണമെന്നോ എന്നോ അല്ല ഉദ്ദേശിച്ചത് എന്നും ഡിജിപി കോടതിയെ അറിയിച്ചു. അതേസമയം, തന്‍റെ പ്രസംഗം പൂർണമായും കേൾക്കാതെയാണ് പോലീസ് കേസ് എടുത്തതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാദം. സ്വകാര്യ ചടങ്ങിൽ നടത്തിയ പ്രസംഗമായിരുന്നു ഇത്. കേസ് കൂടുതൽ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തോക്ക് മാറ്റി.
