ശബരിമലയുടെ നിയന്ത്രണം ഇനി മേൽനോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്ന് അംഗ മേൽ നോട്ട സമിതിക്കായിരിക്കും. ഹൈക്കോടതിയാണ് സമിതിയെ ചുമതലപ്പെടുത്തിയത്.  ഹൈക്കോടതി ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.    

കൊച്ചി: ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹെെക്കോടതി നിയമിച്ച മേൽനോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്ന് അംഗ മേൽ നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് ഹെെക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഉത്തരവില്‍ പറയുന്നു. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും.

ശബരിമല സ്പെഷൽ കമ്മീഷണർ ഇനി മുതൽ സമിതിയെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും കാര്യത്തിൽ സമിതിക്ക് വ്യക്തത വേണമെങ്കിൽ അപ്പപ്പോൾ കോടതിയെ സമീപിക്കാനും സാധിക്കും.

ശബരിമലയിലെ പൊലീസ് നടപടികളിൽ സംസ്ഥാന സർക്കാരിനെ ഹെെക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.

സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുമെന്നും ഇവിടെ പ്രതിഷേധങ്ങൾ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികൾക്ക് ദർശനം സാധ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു.

ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാനായ ജസ്റ്റീസ് പി.ആർ രാമൻ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. 

ഈ മണ്ഡലകാലം മുഴുവൻ ഇവർ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ശുപാർശകൾ നിർദേശിക്കും. എന്നാൽ സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയ നിരോധനാ‍ജ്ഞ നിലനിൽക്കുമെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സന്നിധാനത്ത് നാമജപം പാടില്ലെന്ന ഉത്തരവും തടഞ്ഞു.